കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ വഴിവിട്ട് സഹായിച്ച ട്രാഫിക് ഐ ജി ഗോകുലത്ത് ലക്ഷ്മണയെ സസ്പെൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. സസ്പെന്ഷന് ഉത്തരവില്‍ ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി ഒപ്പിട്ടു. ഐജിയുടെ പേഴ്സണൽ സ്റ്റാഫിലുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.
പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ഇടനിലക്കാരനായെന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും, ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. മോണ്‍സണെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ ഇടപെട്ടു, ഔദ്യോഗിക വാഹനത്തില്‍ പലതവണ തിരുവനന്തപുരത്ത് നിന്ന് ഐജി ലക്ഷ്മണ മോണ്‍സന്റെ വസതിയില്‍ എത്തി എന്നും കണ്ടെത്തിയിരുന്നു.ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരിയും ഇതില്‍ ഇടപെട്ടിട്ടുണ്ട്. മോന്‍സന്റെ കൈവശമുണ്ടായിരുന്ന ഖുറാനും ബൈബിളും പുരാവസ്തു എന്ന പേരില്‍ വില്‍പ്പന നടത്താനും പദ്ധതിയിട്ടിരുന്നു. ഐ ജിയുടെ നിർദേശ പ്രകാരം മോൻസണിന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ പൊലീസ് ക്ലബിൽ എത്തിച്ചു. ഐ ജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥൻ ആണ് ഇത് കൊണ്ടുവന്നത്. മോൻസണിന്റെ കൈവശം ഉള്ള മുതലയുടെ തലയോട് ഉൾപ്പടെ ഇടനിലക്കാരി മുഖേന വില്പന നടത്താൻ പദ്ധതി ഇട്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.മോന്സണ് അറസ്റ്റിലാകുന്നതിന് മുന്‍പ് വരെ വില്പനകളില് ലക്ഷ്മണ ഇടപെട്ടിരുന്നതായാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.