ഇടുക്കി: ഇടുക്കി അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ 40 സെന്റീമീറ്ററാണ് ഉയർത്തിയത്. ജലനിരപ്പ് 2401 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളമെത്തിയതാണ് ജലനിരപ്പ് ഉയരാൻ കാരണം. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. 141.25 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. നിലവിൽ 141.85 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇതോടെ നേരത്തെ തുറന്നിരുന്ന ഷട്ടറുകളിൽ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം അടച്ചു. ഇന്നലെ രാത്രി മുന്നറിയിപ്പില്ലാതെ ഒൻപത് ഷട്ടറുകൾ തുറന്നിരുന്നു. പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. മുന്നറിയിപ്പ് നൽകാതെ ഷട്ടറുകൾ തുറക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.