കാച്ചി: സ്പ്രിംക്ലര്‍ ഇടപാടില്‍ കമ്പനിയുമായുണ്ടാക്കിയ കരാറില്‍ സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ടോ എന്ന് വിശദീകരിക്കണമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ഇടപാട് സംബന്ധിച്ച് നിയമവകുപ്പ് അറിഞ്ഞിട്ടില്ലെന്ന ഐടി സെക്രട്ടറിയുടെ പ്രസ്താവനയിലും വിശദീകരണം വേണം. ഡാറ്റ സുരക്ഷിതമാണോ എന്ന കാര്യം കോടതിയെ അറിയിക്കണം. സ്പ്രിംക്ലറിന് ഇപ്പോഴും ഡാറ്റ കൈമാറുന്നുണ്ടോ എന്നും കൈമാറുന്ന ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടോ എന്നുമുള്ള കാര്യം പതിനഞ്ച് മിനിട്ടിനകം കോടതിയെ അറിയിക്കണമെന്ന് നേരത്തെ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന് എ.ജി രഞ്ജിത്ത് തമ്പാന്റെ മറുപടി കേട്ട ശേഷമാണ് കോടതി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചത്.
സോഫ്റ്റുവയര്‍ സേവനമാണ് തേടിയതെന്ന മറുപടി വന്നപ്പോള്‍ രണ്ട് ലക്ഷം പേരുടെ വിവരങ്ങള്‍ കൈകാര്യം പോലും ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ലേയെന്നും കോടതി വാക്കാല്‍ ചോദിച്ചു. സര്‍ക്കാരിന് സ്വന്തമായി ഐടി വിഭാഗമില്ലേയെന്നും കോടതി ചോദിച്ചു.
വ്യക്തിയുടെ സ്വകാര്യത ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വിവരം ചോര്‍ന്നാല്‍ ഒരാള്‍ക്ക് എങ്ങനെ ന്യൂയോര്‍ക്കില്‍ പാേകാനാകും. ഇതുമായി ബന്ധപ്പെട്ട വ്യവഹാരം ന്യൂയോര്‍ക്ക് കോടതിയില്‍ വേണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ എന്തുകൊണ്ട് അംഗീകരിച്ചുവെന്നും ഹൈക്കോടതി ചോദിച്ചു
ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ സ്പ്രിംഗ്ലറിന് ഡാറ്റ കൈമാറുന്നത് താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവ് വേണം എന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ സെന്‍സിറ്റീവ് ഡാറ്റകള്‍ ഒന്നും സ്പ്രിംഗ്ലറിന് നല്‍കുന്നില്ല എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.
വ്യക്തിയുടെ ആരോഗ്യസംബന്ധമായ വിവരങ്ങള്‍ സെന്‍സിറ്റീവ് ഡാറ്റയായി കാണണമെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.
വ്യക്തമായ കാര്യകാരണങ്ങള്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടതി പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെള്ളിയാഴ്ച കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.