കൊച്ചി: കൊച്ചി റിഫൈനറിയില്‍ വിവിധ സര്‍ക്കാര്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്താന്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടികാട്ടി ഹൈബി ഈഡന് എംപി സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്കി. പാര്‍ലമെന്റ് അംഗത്തിന് നല്‍കേണ്ട എല്ലാ പ്രോട്ടോക്കോള്‍ മര്യാദകള്‍ക്കും വിരുദ്ധമായി, ഉദ്ഘാടന പരിപാടിയുടെ ഇരിപ്പിടങ്ങള്‍ ചുരുക്കം ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്, ഡയസില്‍ നിന്ന് കോണ്‍ഗ്രസ് ജനപ്രതിനിധികളെ ഒഴിവാക്കിയത് വലിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും നോട്ടീസില്‍ പറയുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളിയിലൂടെ സി.പി.എം-ബി.ജെ.പി ബന്ധം മറനീക്കി പുറത്ത് വരികയാണ്. പരിപാടി നടക്കുന്ന കൊച്ചി റിഫൈനറി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ എം.പി യോ എം.എല്‍.എ യോ പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും എംപി വിമര്‍ശിക്കുന്നു.
കൊച്ചി പോര്‍ട്ട് ട്രസ്റ്റ് എറണാകുളം വാര്‍ഫില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൂസ് ടെര്‍മിനല്‍, കൊച്ചി ഷിപ്പ് യാര്‍ഡിന്റെ വിജ്ഞാന നൈപുണ്യ പരിശീലന കേന്ദ്രം, ഫാക്ടിന് വേണ്ടിയുള്ള തുറമുഖ ജെട്ടി നവീകരണത്തിന്റെ നിര്‍മ്മാണോദ്ഘാടനം, വില്ലിംഗ്ടണ്‍ ഐലന്റിനെയും ബോള്‍ഗാട്ടിയെയും ബന്ധിപ്പിക്കുന്ന റോ റോ വെസല്‍ സമര്‍പ്പണം എന്നിവയാണ് എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍. രാജ്യത്തെയും എറണാകുളത്തെയും സംബന്ധിച്ച് ഏറെ പ്രധാന്യമുള്ളതാണ് ഈ പദ്ധതികള്‍. ഉദ്ഘാടനം ചെയ്യുന്ന പ്രവൃത്തികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യാതൊരു പങ്കോ പ്രവര്‍ത്തന അധികാരമോ ഇല്ലാത്ത, മഹാരാഷ്ട്രയില്‍ നിന്നുളള രാജ്യസഭാംഗവും കേന്ദ്ര സഹ മന്ത്രിയുമായ വി മുരളീധരനെ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ പക്ഷപാതമാണെന്നും എംപി കുറ്റപ്പെടുത്തി.
അഭിമാനകരമായ ഈ പദ്ധതികള്‍ അനാവരണം ചെയ്യപ്പെടുബോള്‍ അതില്‍ ഭാഗമാകാന്‍ മണ്ഡലത്തിലെ ജനങ്ങളുടെ ജനപ്രതിനിധിയായ തനിക്ക് അവകാശമുണ്ടെന്നും എംപി ആവശ്യപ്പെട്ടു. അതിനാല്‍ ഉടനടി പരാതി പരിഗണിക്കണമെന്നും പാലര്‍ലമെന്ററി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും നടപടി സ്വീകരിക്കണമെന്നും എംപി കത്തില്‍ സൂചിപ്പിച്ചു.