Home KERALA വേനല്‍മഴ; കോട്ടയത്തും പത്തനംതിട്ടയിലും യെല്ലോ അലര്‍ട്ട് കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

വേനല്‍മഴ; കോട്ടയത്തും പത്തനംതിട്ടയിലും യെല്ലോ അലര്‍ട്ട് കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ ലഭിച്ചു. അതേസമയം ലക്ഷദ്വീപില്‍ വരണ്ട കാലാവസ്ഥയായിരുന്നു. അടുത്ത അഞ്ച് ദിവസവും കേരളത്തില്‍ സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. എറണാകുളം ജില്ലയിലെ പിറവത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 15 സെന്റിമീറ്റര്‍. സിയാല്‍ കൊച്ചിയില്‍ എട്ട് സെന്റിമീറ്റര്‍ മഴയും ലഭിച്ചു.

ഏപ്രില്‍ 27 മുതല്‍ മെയ് 01 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഏപ്രില്‍ 27, 29 തീയതികളില്‍ കോട്ടയം ജില്ലയിലും ഏപ്രില്‍ 28ന് പത്തനംതിട്ട ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here