ഊർജ്ജത്തിന്റെ കലവറകളിൽ ഒന്നാണ് കൂവപ്പൊടി. കൂവക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് തയ്യാറാക്കുന്ന കൂവപ്പൊടിയിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, സോഡിയം, പൊട്ടാസ്യം, കാത്സ്യം എന്നീ ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. കൂവപ്പൊടി ഊർജ്ജം നൽകുമെങ്കിലും ശരീരഭാരം കൂടുമെന്ന പേടിയൊന്നും വേണ്ട. കലോറി തീരെ കുറഞ്ഞ ഭക്ഷണമാണ് കൂവ.
കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ കൂവപ്പൊടി കുറുക്കി കഴിക്കുന്നത് നല്ലതാണ്. നാരുകളാൽ സമ്പന്നമായ കൂവപ്പൊടി ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നതിനാൽ കുട്ടികൾക്കും വൃദ്ധർക്കും മികച്ച ആഹാരമാണിത്. കിടപ്പുരോഗികൾക്ക് ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും. കൂടാതെ ക്ഷീണം അകറ്റാനും മികച്ചതാണ്.
വളർച്ചയ്ക്ക് ആവശ്യമുള്ള പോഷകങ്ങളും ഊർജ്ജവും ലഭിക്കുന്നതിനാൽ ചെറിയ കുട്ടികൾക്ക് കൂവക്കുറുക്ക് നല്കുക. വയറിളക്കം, മൂത്രപ്പഴുപ്പ്, മൂത്രച്ചൂട്, മൂത്രക്കല്ല്, കുടൽ രോഗങ്ങൾ തുടങ്ങിയവ പ്രതിരോധിക്കാനും ശേഷിയുണ്ടിതിന്. കൂവപ്പൊടി വെള്ളമോ പാലോ ചേർത്ത് തിളപ്പിച്ച് കുറുക്കി കഴിച്ചാൽ അതിസാരം ശമിക്കും. പ്രമേഹ രോഗികൾക്കും ഹൃദ്രോഗികൾക്കും മികച്ചതാണ് കൂവക്കുറുക്ക്.