വേനൽക്കാലത്ത് ഗർഭിണികളിൽ അമിത ക്ഷീണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും സാദ്ധ്യത കൂടുതലായതിനാൽ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്. നിർജലീകരണം ഗർഭിണികൾക്ക് ഭീഷണിയാണ്. തലകറക്കം, ക്ഷീണം, വരണ്ട ചുണ്ടും വായും, മൂത്രത്തിന്റെ അളവ് കുറയുകയും മൂത്രം മഞ്ഞനിറത്തിൽ പോകുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത് ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കുക. എപ്പോൾ പുറത്തുപോയാലും ഒരു കുപ്പി വെള്ളം കൈയിൽ കരുതുക. ഭക്ഷണത്തിൽ ധാരാളം പഴങ്ങളും വെള്ളവും പച്ചക്കറികളും ഉൾപ്പെടുത്തണം.
അസഹനീയമായ ചൂട് തോന്നുന്നുവെങ്കിൽ തണുത്ത വെള്ളത്തിൽ കുളിക്കുക. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. ഗർഭകാലത്ത് വ്യായാമം അതിരാവിലെയോ വൈകുന്നേരമോ മാത്രമേ പാടുള്ളൂ. വ്യായാമം ചെയ്യുന്ന സമയത്ത് ക്ഷീണം തോന്നുന്നുവെങ്കിൽ ഉടനെ അവസാനിപ്പിക്കുക.രാവിലെ 11 മണിക്കും വൈകിട്ട് നാല് മണിക്കും ഇടയ്ക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഗർഭകാലത്ത് ആവശ്യത്തിന് ഉറക്കവും വിശ്രമവും വളരെ പ്രധാനപ്പെട്ടതാണ്.