കോയമ്പത്തൂര്‍ ആര്‍എസ് പുരത്ത് ഒരു വയസ്സുള്ള പേരകുട്ടിയുടെ മരണത്തില്‍ അമ്മുമ്മ അറസ്റ്റില്‍. 55 വയസ്സള്ള നാഗലക്ഷ്മിയാണ് അറസ്റ്റിലായത്. പറഞ്ഞാല്‍ അനുസരിക്കാത്തതിന് മര്‍ദ്ദിക്കുകയും ബിസ്കറ്റ് കവര്‍ വായില്‍ തിരുകി കയറ്റുകയും ചെയ്തതോടെ കുട്ടി മരിക്കുകയായിരുന്നു. മകള്‍ നന്ദിനിയുടെ ഒരു വയസ്സുള്ള മകന് ദുര്‍ഗേഷ് ആണ് മരണപ്പെട്ടത്.
നന്ദിനിയുടെ രണ്ടാമത്തെ മകനാണ് ദുര്‍ഗേഷ്. നന്ദിനി ജോലിക്ക് പോകുമ്പോള്‍ കുട്ടികളെ നോക്കിയിരുന്നത് നാഗലക്ഷ്മിയാണ്. ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞെത്തിയ നന്ദിനി കുട്ടി തൊട്ടിലില്‍ ഉറങ്ങുന്നത് കണ്ടിരുന്നു. രാത്രിയായിട്ടും കുട്ടി എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് തൊട്ടിലില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
പോലീസ് നടത്തിയ മൃതദേഹ പരിശോധനയിലാണ് കുട്ടിയുടെ കൈകാലുകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ മര്‍ദിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയത്. പോലീസ് നാഗലക്ഷ്മിയെ തനിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. കുട്ടിക്ക് താഴെവീണുകിടക്കുന്ന എല്ലാ സാധനങ്ങളും വായിലിടുന്ന ശീലമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ച്ചയായ അസ്വസ്ഥത നാഗലക്ഷ്മി പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഇത്തരത്തില്‍ കുട്ടി വായിലെന്തോ ഇട്ടതോടെ ക്ഷോഭത്തില്‍ ബിസ്കറ്റ് കവര്‍ കുട്ടിയുടെ വായില്‍ തിരുകി. വായില്‍ കുടുങ്ങിയ പേപ്പറാണ് ശ്വാസംമുട്ടലിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.