തിരുവനന്തപുരം: സാലറി കട്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പും സംബന്ധിച്ച നിയമങ്ങളില്‍ ഭേദഗതി വരുന്നുന്നതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ അലവന്‍സ് അടക്കമുള്ള പ്രതിമാസ മൊത്ത ശമ്പളം, ഓണറേറിയം ഇവ 30 ശതമാനം ഒരു വര്‍ഷത്തേക്ക് കുറവ് ചെയ്യാന്‍ ‘2020-ലെ ശമ്പളവും ബത്തയും നല്കല്’ ഭേദഗതി ഓര്‍ഡിനന്‍സ് വിളംബരം ചെയ്യാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. എം.എല്‍.എമാര്‍ക്ക് ഒരു മാസം ലഭിക്കുന്ന അമിനിറ്റീസ് തുകയിലും 30 ശതമാനം കുറവ് വരുത്തും.
ഇതുകൂടാതെ, ഇന്ന് മറ്റൊരു ഓര്‍ഡിനന്‍സ് കൂടി ഗവര്‍ണറുടെ പരിഗണനയ്ക്ക് അയക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ വാര്‍ഡ് വിഭജന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ തടസങ്ങളുണ്ട്. പഞ്ചായത്തുകളിലേയും നഗരസഭകളിലേയും അംഗങ്ങളുടെ എണ്ണം ഓരോന്നു വീതം വര്‍ധിപ്പിക്കാന്‍ നേരത്തേ തീരുമാനമെടുത്തിരുന്നു. പക്ഷേ ഈ തീരുമാനം നടപ്പിലാക്കാന്‍ വാര്‍ഡ് വിഭജനം നടക്കണം.
എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനാവില്ല. വാര്‍ഡ് വിഭജനം നടത്താന്‍ കഴിയാതെ വന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പും നടത്താന്‍ പറ്റാത്ത സ്ഥിതി വരും. ഇത് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. സമയത്ത് തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയണം എന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
അതുകൊണ്ട്, നിലവിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ തിരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന് നിയമപ്രാബല്യം നല്‍കുന്നത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കേരളാ പഞ്ചായത്ത് രാജ് ആക്ടിലും കേരളാ മുനിസിപ്പാലിറ്റി ആക്ടിലുമാണ് ഭേദഗതി വരുത്തുക
സംസ്ഥാനം അസാധാരണമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സാധാരണ നിലയില്‍ താങ്ങാനാവാത്തതാണ്. വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായി, അനിവാര്യമായ ചിലവുകള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളില്‍ ഒന്ന് എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അടുത്ത അഞ്ച് മാസത്തേക്ക് വിതരണം ചെയ്യാതെ മാറ്റി വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഇതിന് നിയമപ്രാബല്യം പോരാ എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിന് നിയമ പ്രാബല്യം നല്‍കുന്നതിന് ഹൈക്കോടതി ഉത്തരവിന് അനുസൃതമായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.