കൊച്ചി : സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് ഉൾപ്പടെ മുഖ്യ പ്രതികൾക്ക് എല്ലാം ഹൈക്കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ഒരു വർഷത്തിനു ശേഷമാണ് ജയിൽ മോചനം സാധ്യമാകുന്നത്. ജസ്റ്റിസ് വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
യുഎപിഎ കേസിൽ സ്വപ്ന ഉൾപ്പെടെ എട്ടു പേർക്കാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത്. മറ്റു പ്രതികളായ പി.എസ്.സരിത്, മുഹമ്മദ് ഷാഫി, കെ.ടി.റമീസ്, എ.എം.ലാൽ, റബ്ബിൻസ്, കെ.ടി.ഷറഫുദീൻ, മുഹമ്മദാലി എന്നിവർക്കാണ് ജാമ്യം. കേസിൽ അന്വേഷണം ഏതാണ്ട് പൂർത്തിയായെന്നും പ്രതികൾ പുറത്തിറങ്ങുന്നത് കേസിനെ ദുർബലപ്പെടുത്താൻ സാധ്യത ഇല്ലെന്നുമുള്ള പ്രതികളുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
25 ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവില്‍ കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാക്കിയ സ്വപ്നയ്ക്കും സരിത്തിനും ഈ തുക കെട്ടിവെച്ചാല്‍ പുറത്തിറങ്ങാം. മറ്റുപ്രതികളായ കെ.ടി. റമീസ്, ജലാല്‍ തുടങ്ങിയവര്‍ കരുതല്‍ തടങ്കലിലാണ്. ഈ മാസം അവസാനത്തോടെ ഇവര്‍ക്കും ജയിലില്‍നിന്ന് പുറത്തിറങ്ങാനാകും.
കഴിഞ്ഞ വർഷം നവംബറിൽ പ്രതികൾ എൻഐഎ കേസിൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചതിനു പിന്നാലെയാണ് കസ്റ്റംസ് കോഫെപോസ ചുമത്തി കരുതൽ തടവിലാക്കിയത്.