പത്തനംതിട്ട – നാല് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയടക്കം രണ്ട് പേര് മലയാലപ്പുഴ പോലീസിന്റെ പിടിയിലായി.മലയാലപ്പുഴ മുക്കുഴി സ്വദേശി മനോജ്(47),തമിഴ്നാട് ഉസലാംപെട്ടി സ്വദേശി രാമു(40) എന്നിവരെയാണ് പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവിന്റെ നേതൃത്വത്തിലുളള പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ മലയാലപ്പുഴ മുക്കുഴിയില്‍ പോലീസ് പെട്രോളിംഗിനിടെയാണ് ഇവര്‍ പിടിയിലായത്.
രാത്രിയില്‍ പത്ത് മണിയോടെ സംശയാസ്പദമായ സാഹചര്യത്തില്‍ റോഡില്‍ കണ്ട ഇരുവരേയും പോലീസ് പരിശോധിച്ചതിനെ തുടര്‍ന്ന് ഇവരുടെ കയ്യിലുണ്ടായിരുന്ന ബിഗ്ഷോപ്പറില്‍ നിന്ന് നാല് കിലോ കഞ്ചാവ് പോലീസ് കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ച് ഇവര്‍ എത്തിയതിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.മലയാലപ്പുഴ എസ് ഐ സുജിത്,സിവില്‍ പോലീസ് ഓഫീസര്‍ അവിനാഷ്,ഡ്രൈവര്‍ ലിജിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മലയാലപ്പുഴയിലെ ചില കോളജുകള്‍ കേന്ദ്രീകരിച്ചും ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും കുറച്ചു കാലമായി കഞ്ചാവ് മാഫിയാ സജീവമാണ്. റാന്നിയില്‍ നിന്നും ചില യുവതികള്‍ വഴിയും ഇവിടെ കഞ്ചാവ് എത്തുന്നുണ്ട്. മലയാലപ്പുഴ ടൗണിനടുത്തുളള ആള്‍തമാസം ഇല്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് ചില സംഘങ്ങളാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നാണ് എക്സൈസ് സംഘം പറയുന്നത്. വളരെകാലമായി ഇവരെ നിരീക്ഷിച്ചു വരികയാണെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്.