രാജ്യത്ത് പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വാക്സിന് ഇന്ന് മുതല്‍ ലഭിക്കും. മുമ്പ് 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായിരുന്നു സര്‍ക്കാര്‍ സൗജന്യ വാക്സിന് നല്‍കിയിരുന്നത്. ആദ്യം പതിനെട്ടിനും 45നും ഇടയില്‍ ഉള്ളവര്‍ക്ക് സൗജന്യമായിരിക്കില്ല എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് വാക്സിന് വാങ്ങി ഈ പ്രായപരിധിയില്‍ ഉള്ളവര്‍ക്കും സര്‍ക്കാര്‍ വക സൗജന്യമായി നല്‍കുമെന്ന് അറിയിച്ചിരുന്നു. പിന്നീട് സുപ്രീംകോടതി വരെ വിഷയത്തില്‍ ഇടപെട്ട പശ്ചാത്തലത്തില്‍ ആണ് കേന്ദ്രസര്‍ക്കാര്‍ കേന്ദ്രനയം മാറ്റുന്നത്.
വാക്സിനേഷന് പുരോഗമിക്കുമ്പോഴും സ്ലോട്ട് കിട്ടാതെ ബുദ്ധിമുട്ടുകയാണ് സാധരണക്കാര്‍. രണ്ടാം ഡോസ് ഉറപ്പാക്കാന്‍ സ്പോട്ട് രജിസ്ട്രേഷന് നടപ്പാക്കിയപ്പോള്‍ ഇത് ലഭിക്കാന്‍ സ്വാധീനം വേണ്ടി വരുന്നു എന്നാണ് ആക്ഷേപം. രാഷ്ട്രീയ സ്വാധീനം ഉണ്ടെങ്കില്‍ വേഗത്തില്‍ സ്ലോട്ട് ലഭിക്കുന്നുവെന്നാണ് പരാതി. ആരോഗ്യപ്രവര്‍ത്തകരും ബന്ധുക്കള്‍ക്ക് വാക്സിനേഷന് നടത്തുന്നു. വൈകുന്നേരം ആറ് മണിക്കും ഏഴ് മണിക്കും ഇടയില്‍ കോവിന്‍ പോര്‍ട്ടലില്‍ കയറിയാല്‍ സ്ലോട്ട് ലഭിക്കുമെന്നാണ് വാക്സിന് കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.