ന്യൂഡൽഹി : അരുണാചൽ അതിർത്തിയിൽ നിന്ന് കാണാതായ കൗമാരക്കാരനെ കണ്ടെത്തിയതായി ചൈനീസ് സൈന്യം അറിയിച്ചെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ടരോണിനെ എത്രയും വേഗത്തില്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരികയാണെന്ന് പ്രതിരോധ മന്ത്രാലയ പിആര്‍ഒ ലഫ്റ്റനന്റ് കേണല്‍ ഹര്ഷവര്ധന് പാണ്ഡെ അറിയിച്ചു.
അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തില്‍ നിന്ന് ജനുവരി പതിനെട്ടിനാണ് ടരോണിനേയും സുഹൃത്ത് ജോണി യായിങ്ങിനേയും കാണാതായത്. നിയന്ത്രണരേഖയ്ക്കടുത്ത് കുറ്റിക്കാടുകളില്‍ വേട്ടയാടാന്‍ പോയതായിരുന്നു ഇരുവരും. ഇതിന് പിന്നാലെ ടരോണിനേയും യായിങ്ങിനേയും പിഎല്‍എ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് അരുണാചലില്‍ നിന്നുള്ള ബിജെപി എംപി താപിര്‍ ഗുവ ട്വീറ്റ് ചെയ്തു. ചൈനീസ് സൈന്യത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് യായിങ് തിരിച്ചെത്തിയെന്നും ടരോണിനെ മോചിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും താപിര്‍ ട്വീറ്റ് ചെയ്തു.
ഇതോടെ ഇന്ത്യന്‍ സേനയും വിദേശകാര്യ മന്ത്രാലയവും പിഎല്‍എയുമായി ബന്ധപ്പെട്ടു. ഇന്ത്യന്പക്ഷത്തുനിന്ന് ഹോട്ട് ലൈനില്‍ ചൈനീസ് സൈനിക ഉന്നതരുമായി ബന്ധംപുലര്‍ത്തി. ആയുര്‍വേദ മരുന്നുകള്‍ ശേഖരിക്കുന്നതിനായി പുറപ്പെട്ട ഒരാള്‍ വഴിതെറ്റിയെന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നുമാണ് പിഎല്‍എയെ അറിയിച്ചത്. അയാളെ കണ്ടെത്താനും പ്രോട്ടോകോള്‍ പ്രകാരം മടക്കി അയക്കാനും സൈന്യം പിഎല്‍എയുടെ സഹായവും തേടി. ഒടുവില്‍ ജനുവരി 21-ന് ഒരാളെ കണ്ടെത്തിയ കാര്യം പിഎല്‍എ സ്ഥിരീകരിച്ചു.