Home Crime വീടിനകത്ത് തീ ആളിപടര്‍ന്ന് സംസാരശേഷിയില്ലാത്ത യുവതി മരിച്ച സംഭവം ; ആത്മഹത്യയെന്നു സംശയിച്ച് പോലീസ്

വീടിനകത്ത് തീ ആളിപടര്‍ന്ന് സംസാരശേഷിയില്ലാത്ത യുവതി മരിച്ച സംഭവം ; ആത്മഹത്യയെന്നു സംശയിച്ച് പോലീസ്

പാലക്കാട് മുതലമടയില്‍ വീട്ടിനകത്തുണ്ടായ തീപിടിത്തുത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ് നിഗമനം. മുതലമട കുറ്റിപ്പാടം മണലിയില്‍ കൃഷ്ണന്റെയും രുഗ്മണിയുടെയും മകള്‍ സുമയാണു (25) തിങ്കളാഴ്ച ശരീരമാസകലം പൊള്ളലേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ഊമയും ബധിരയുമായിരുന്നു മരിച്ച സുമ. പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ മണ്ണെണ്ണയുടെ സാന്നിധ്യം കണ്ടതായാണു പൊലീസിനു ലഭിച്ച വിവരം. എന്നാല്‍, ശാസ്ത്രീയ പരിശോധന ഫലവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചതിനു പിന്നാലെ മാത്രമേ മരണകാരണം എന്തെന്ന് വ്യക്തമാകൂ എന്ന നിലപാടില്‍ തുടരുകയാണ് പൊലീസ്.

യുവതി വീടിന്റെ വാതിലുകള്‍ അകത്തു നിന്നും അടച്ചതിനു ശേഷം ജീവനൊടുക്കിയതാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്. വീടിന്റെ വാതിലുകള്‍ അടച്ച നിലയില്‍ കാണപ്പെട്ടതാണ് പോലീസ് സംശയത്തിന് ശക്തി പകരുന്നത്.

ഷോര്‍ട് സര്‍ക്യൂട്ട് ആണോ തീപിടുത്തത്തിന് കാരണമെന്നു പരിശോധിക്കാന്‍ ഇലക്ട്രിക്കല്‍ ഓഫിസര്‍ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. വയറിങ്ങും ഫാനും ഉള്‍പ്പടെ കത്തിപ്പോയിട്ടുണ്ടെങ്കിലും ഷോര്‍ട് സര്‍ക്യൂട്ട് അല്ലെന്നാണു കെഎസ്ഇബി അധികൃതര്‍ പൊലീസിനു റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്. വീട് പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു കാണപ്പെട്ടത്.

കൃഷ്ണന്റെ ഇരട്ടപ്പെണ്‍കുട്ടികളിലൊരാളാണു സുമ. യുവതിയുടെ വിവാഹം ചിങ്ങം 6നു നടത്താനായിരുന്നു വീട്ടുകാര്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടെയായിരുന്നു നാടിനെ നടുക്കിയ ദാരുണാന്ത്യം. മാതാപിതാക്കളും സഹോദരനും പുറത്തു പോയ ശേഷമായിരുന്നു വീടിന് തീപിടിച്ചത. ഈ സമയം വീട്ടില്‍ തനിച്ചായിരുന്നു സുമ. വീട്ടില്‍ നിന്നും പെട്ടെന്ന് തീയും പുകയും ഉയരുന്നതു കണ്ട് ഓടികൂടിയ നാട്ടുകാരാണു പിന്നീട് പാചകവാതക സിലിണ്ടര്‍ ഉള്‍പ്പെടെ ഇവിടെ നിന്നും നീക്കിയത്. സംസാര ശേഷി ഇല്ലാത്തതിനാല്‍ ഒന്ന് ഉറക്കെ കരയാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു വീടിനുള്ളില്‍ സുമ.

ഇതിനിടെ സ്ഥലത്തെത്തിയ അച്ഛന്‍ പറഞ്ഞാണു സുമ വീട്ടിനകത്തുണ്ടെന്നു നാട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും സുമയെ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here