ജക്കാര്‍ത്ത: താന്‍ വീട്ടിലെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകള്‍ക്ക് ശേഷം വയറില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടന്‍ തന്ന അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു’ യുവതി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്.
‘കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായി. ഒരുമണിക്കൂറിനുള്ളില്‍ പ്രസവിച്ചു…’ ഇങ്ങനെയൊരു വിചിത്രവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവതി. ഇന്തൊനീഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ലോകമാധ്യമങ്ങള്‍ ഈ വിചിത്രവാദത്തെ തലക്കെട്ടുകളാക്കിയതോടെയാണ് ഇത് വൈറലായത്.
‘എന്തായാലും ഈ വിചിത്രപ്രസവത്തിന്റെ വാര്‍ത്ത വളരെ വേഗം പുറത്ത് പ്രചരിച്ചു. സോഷ്യല്‍ മീഡിയയിലും വൈറലായി. ഇതോടെ സിതിയുടെ വീട്ടിലേക്ക് നാട്ടുകാര്‍ എത്തിച്ചേരാന്‍ തുടങ്ങി. വാര്‍ത്ത പ്രചരിച്ചതോടെ ആരോഗ്യപ്രവര്‍ത്തകരും സിതിയെ സന്ദര്‍ശിച്ചു. അവരോടും സിതി ഇതേ വാദം തന്നെ ആവര്‍ത്തിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും എന്നാല്‍ സിതി പറയുന്ന വാദം തള്ളിക്കളയുന്നുവെന്നുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
പ്രസവിക്കാനായി പോകുന്നത് വരെ സ്ത്രീകള്‍ താന്‍ ഗര്‍ഭിണിയാണെന്ന് തിരച്ചറിയാത്ത ക്രിപ്റ്റിക് പ്രഗ്നന്‍സിയാണ് സിതിയുടേത് എന്നാണ് കമ്യൂണിറ്റി ക്ലിനിക് തലവന്‍ പറയുന്നത്. ഇത്തരം അബദ്ധവാദങ്ങളെ പ്രോല്‍സാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.