Home Crime സഹോദരന്‍ പീഡിപ്പിച്ചെന്ന പരാതി കെട്ടിചമച്ചത്, തെറ്റ് ഏറ്റ് പറഞ്ഞ് സഹോദരി. അയല്‍വാസിയായ സ്ത്രീക്കെതിരെ കേസെടുത്തു

സഹോദരന്‍ പീഡിപ്പിച്ചെന്ന പരാതി കെട്ടിചമച്ചത്, തെറ്റ് ഏറ്റ് പറഞ്ഞ് സഹോദരി. അയല്‍വാസിയായ സ്ത്രീക്കെതിരെ കേസെടുത്തു

ഏപ്രില്‍ ഇരുപതിന് ആണ് ഇടുക്കി കഞ്ഞിക്കുഴിയിലെ ഒരു കുടംബത്തെ കുറിച്ച് തൃശ്ശൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക വഴി പൊലീസിന് ഒരു പരാതി എത്തുന്നത്. പതിനാല് വയസ്സുള്ള സഹോദരിയെ സ്വന്തം സഹോദരനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും മെഡിക്കല്‍ പരിശോധന നടത്തുകയും ചെയ്തു. പീഡനം നടന്നിട്ടുണ്ടാകാം എന്നാണ് ഗൈനക്കോളജിസ്റ്റ് റിപ്പോര്‍ട്ട് നല്‍കിയത്. സഹോദരനെ ആവര്‍ത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും കുറ്റം ചെയ്തിട്ടില്ലെന്ന മൊഴിയില്‍ അയാള്‍ ഉറച്ചുനിന്നു. മൊഴി എടുക്കാനായി പെണ്‍കുട്ടിയെ സമീപിച്ചപ്പോള്‍ അയല്‍വാസിയും വിവാഹ ദല്ലാളുമായ ഒരു സ്ത്രീയുടെ സാമീപ്യം വേണമെന്ന് കുട്ടി ശഠിച്ചു. ഇത് പൊലീസില്‍ സംശയം ജനിപ്പിച്ചിരുന്നു.

ഇടുക്കി ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള 16 അംഗ പൊലീസ് സംഘം കേസ് അന്വേഷിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ വിശമായ അന്വേഷണത്തിലാണ് തന്റെ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വിവാഹ ദല്ലാളായ സ്ത്രീ പതിനാല്കാരിയെ കൊണ്ട് നിര്‍ബന്ധിച്ച് സഹോദരനെതിരെ പറയുകയായിരുന്നു എന്ന് കണ്ടെത്തിയത്. പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയെ അഭയകേന്ദ്രത്തില്‍ ആക്കിയിരുന്നു. സഹോദരന്‍ തന്നോട് തെറ്റ് ചെയ്തിട്ടില്ല, കലാമ്മ ( വിവാഹ ദല്ലാളായ സ്ത്രീ) പറഞ്ഞിട്ടാണ് താന്‍ അങ്ങനെ പറഞ്ഞതെന്ന് കുട്ടി കേന്ദ്രത്തിലെ ബുക്കില്‍ കുറിച്ചു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി പൊലീസ് വീണ്ടും എടുക്കുകയും മെഡിക്കല്‍ പരിശോധനയ്ക്ക് വീണ്ടും വിധേയയാക്കുകയും ചെയ്തു. ഇതോടെയാണ് കള്ളം വെളിച്ചത്താകുന്നത്. പീഡനം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടും തെറ്റ് ഏറ്റു പറഞ്ഞ് പെണ്‍കുട്ടിയുടെ മൊഴിയും പൊലീസിന് കാര്യങ്ങള്‍ എളുപ്പത്തിലാക്കി.

ശ്രീകല എന്ന വിവാഹദല്ലാളിന് സഹോദരനോട് തോന്നിയ പകയാണ് കേസിന് ഇടയാക്കിയത്. സഹോദരന് വിവാഹം ആലോചിച്ച് ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പതിവായി എത്താറുണ്ടായിരുന്നു. പെണ്‍കുട്ടിയോട് അസാധാരണാം വിധം അടുപ്പം കാണിച്ചത് കണ്ടതിനെ തുടര്‍ന്ന് സഹോദരന്‍ ഇവരോട് വീട്ടില്‍ വരരുതെന്ന് പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഇവര്‍ ഇത്തരത്തില്‍ പീഡന തിരക്കഥ രചിക്കുന്നത്. ശ്രീകലയ്‌ക്കെതിരെ കേസെടുത്ത പൊലീസ് സഹോദരനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ് പിന്‍വലിക്കുകയും ചെയ്തു. കഞ്ഞിക്കുഴി പൊലീസ് ഇന്‍സ്‌പെക്ടര്‍ സെബി തോമസ്, എസ്‌ഐമാരായ സന്തോഷ്, റോബിന്‍സണ്‍ എന്നിവരും അന്വേഷണസംഘത്തിന് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here