Home International വാട്സാപ്പ് ഹാക്ക് ചെയ്തു: 1400 ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിച്ചു; എന്‍എസ്ഒ ഗ്രൂപ്പിനെതിരെ തെളിവുകളുമായി ഫെയ്സ്ബുക്ക്

വാട്സാപ്പ് ഹാക്ക് ചെയ്തു: 1400 ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിച്ചു; എന്‍എസ്ഒ ഗ്രൂപ്പിനെതിരെ തെളിവുകളുമായി ഫെയ്സ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: വാട്സാപ്പ് ഹാക്ക് ചെയ്ത് 1400 ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിച്ച സംഭവത്തില്‍ ഇസ്രായേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിനെതിരെ വിശദമായ തെളിവുകള്‍ ഫെയ്സ്ബുക്ക് കോടതിയില്‍ സമര്‍പ്പിച്ചു. രഹസ്യ നിരീക്ഷണ സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ചാണ് ഹാക്കിംഗ് നടത്തിയത്.

അമേരിക്കയില്‍ ആമസോണ്‍ വെബ് സര്‍വീസസ് സെര്‍വറും കാലിഫോര്‍ണിയയിലെ ക്വാഡ്രാനെറ്റ് സെര്‍വറും ഉപയോഗപ്പെടുത്തിയാണ് വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണം നടന്നതെന്ന് ഫെയ്സ്ബുക്ക് പറയുന്നു.

വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടന്ന 2019 ഏപ്രില്‍, മെയ് മാസങ്ങളില്‍ ക്വാഡ്രാനെറ്റ് സെര്‍വര്‍ ഉപയോഗിക്കുന്നതിന് എന്‍എസ്ഒ ഗ്രൂപ്പും ക്വാഡ്രാനെറ്റും തമ്മില്‍ കരാറുണ്ടായിരുന്നു. ഇതേ കാലയളവില്‍ തന്നെയാണ് ആമസോണ്‍ സെര്‍വറുകളിലെ സബ്ഡൊമൈനുകളും ഹോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ തങ്ങള്‍ നിര്‍മിച്ച സോഫ്റ്റ് വെയര്‍ തീവ്രവാദം തടയാനും, കുറ്റകൃത്യങ്ങള്‍ തടയാനും ജീവന്‍ രക്ഷിക്കാനുമാണ് ഉപയോഗപ്പെടുത്തുന്നതെന്നാണ് ഫെയ്സ്ബുക്കിന്റെ പുതിയ വെളിപ്പെടുത്തലുകളോടുള്ള എന്‍എസ്ഒ ഗ്രൂപ്പിന്റെ പ്രതികരണം.

ഉപയോക്താക്കള്‍ക്ക് വേണ്ടി പെഗാസസ് സോഫ്റ്റ് വെയര്‍ തങ്ങള്‍ കൈകാര്യം ചെയ്തിട്ടില്ലെന്നും അമേരിക്കന്‍ മൊബൈല്‍ഫോണ്‍ നമ്പറുകള്‍ക്ക് നേരെയും അമേരിക്കയിലെ ഏതെങ്കിലും ഉപകരണങ്ങള്‍ക്ക് നേരെയും ഉപയോഗിച്ചിട്ടില്ലെന്നും എന്‍എസ്ഒ ഗ്രൂപ്പ് പറയുന്നു.

ഇതിനിടെ 2017 ല്‍ ഫെയ്സ്ബുക്ക് തന്നെ പെഗാസസ് സോഫ്റ്റ് വെയര്‍ വാങ്ങാന്‍ ശ്രമിച്ചിരുന്നുവെന്ന പ്രത്യാരോപണവും എന്‍എസ്ഒ ഗ്രൂപ്പ് ഉന്നയിക്കുകയുണ്ടായി.

രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കും മാത്രമാണ് പെഗാസസ് സോഫ്റ്റ് വെയര്‍ വില്‍ക്കാറുള്ളതെന്ന വാദത്തില്‍ എന്‍എസ്ഒ ഗ്രൂപ്പ് ഉറച്ചുനില്‍ക്കുകയാണ്.

മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1400-ഓളം വാട്സാപ്പ് ഉപയോക്താക്കളുടെ അക്കൗണ്ട് പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെന്ന് ഫെയ്സ്ബുക്ക് തന്നെയാണ് വെളിപ്പെടുത്തിയത്. ഇത് ആഗോളതലത്തില്‍ വിവാദമാവുകയും ചെയ്തിരുന്നു.
ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ടുള്ള എന്‍എസ്ഒ ഗ്രൂപ്പിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമായ തെളിവുകളാണ് ഫെയ്സ്ബുക്ക് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here