എറണാകുളം ജില്ലയിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നു. കൊച്ചി കോര്പ്പറേഷന് പരിധിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 23,000 കടന്നു. ജില്ലയിലെ ഇരുപത് പ്രദേശങ്ങളില്‍ ആയിരത്തിലേറെ കോവിഡ് ബാധിതരമാണുള്ളത്. തദ്ദേശ സ്ഥാപന പരിധിയിലുള്ള പത്തിലധികം പ്രദേശങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അമ്പത് ആണ്. ചില പ്രദേശങ്ങളില്‍ ഇത് അറുപത് ശതമാനത്തിനും മുകളില്‍ ആണ്. ബുധനാഴ്ച മാത്രം 6410 പേര്‍ക്കാണ് ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ പതിനഞ്ച് പേര് ആരോഗ്യപ്രവര്‍ത്തകരാണ്. ഇവരില്‍ 23,601 പേരും കൊച്ചി നഗരസഭാ പരിധിയില്‍ ഉള്ളവരാണ്. തൃക്കാക്കരയില്‍ മൂവായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍ ഉണ്ട്. 246 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ടിപിആര്‍ കൂടിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാണ്. ചൂര്‍ണിക്കര പഞ്ചായത്തിലെ ഇടറോഡുകള്‍ ഉള്‍പ്പെടെ പൊലീസ് അടച്ചു. 4474 പേരാണ് ജില്ലയില്‍ പുതുതായി രോഗമുക്തി നേടിയത്. മതിയായ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാനും ജില്ലയില്‍ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.