Home POLITICS വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: 9 ജില്ലകളിലെ വിവരങ്ങള്‍ ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി;ഇരട്ടവോട്ട് മരവിപ്പിരക്കും. അടൂര്‍,തവനൂര്‍,കൂത്തുപറമ്പ്,...

വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: 9 ജില്ലകളിലെ വിവരങ്ങള്‍ ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി;ഇരട്ടവോട്ട് മരവിപ്പിരക്കും. അടൂര്‍,തവനൂര്‍,കൂത്തുപറമ്പ്, കണ്ണൂര്‍,ചാലക്കുടി,ഉടുമ്പചോല,വൈക്കം,പെരുമ്പാവൂര്‍,ചാലക്കുടി എന്നിവടങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യജവോട്ടര്‍മാര്‍

 

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ഒന്‍പത് ജില്ലകളിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കഴിഞ്ഞ ദിവസം അഞ്ചു മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ ഇരട്ടിപ്പും ക്രമക്കേടും കണ്ടെത്തിയിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ അവകാശപ്പെട്ടു.

എന്നാല്‍ ഒരാളുടെ പേരില്‍ ഒന്നിലേറെ വോട്ടുകള്‍ ചേര്‍ത്തെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് ഇനി പൂര്‍ണപരിഹാരമില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇരട്ടവോട്ടുകള്‍ റദ്ദാക്കി പുതിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാന്‍ വോട്ടെടുപ്പിനുമുമ്പ് കഴിയില്ല. അതേസമയം, പരാതിയില്‍ പരിശോധനയുണ്ടാകും. ഇരട്ടവോട്ടുകളുണ്ടെന്ന് കണ്ടെത്തിയാല്‍, ഒന്ന് നിലനിര്‍ത്തി അധികമുള്ളത് മരവിപ്പിക്കും.

ഇരട്ടവോട്ടുകളുടെ പട്ടിക ബൂത്തുതലത്തില്‍ തയ്യാറാക്കി പ്രിസൈഡിങ് ഓഫീസര്‍ക്ക് നല്‍കും. ഒന്നിലധികം വോട്ടുചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കുക മാത്രമാണ് ഇതിലൂടെ ചെയ്യുക. എന്നാല്‍, ഇരട്ടവോട്ടുകളാണെന്ന് കണ്ടെത്തിയാലും, അത് ആരെങ്കിലും പിടിക്കപ്പെടാതെചെയ്താല്‍ പ്രിസൈഡിങ് ഓഫീസര്‍ക്കെതിരേ നടപടിയെടുക്കാനാകില്ല. കള്ളവോട്ടുചെയ്തയാള്‍ പിടിക്കപ്പെട്ടാല്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്ക് ആസൂത്രണം നടത്തിയെന്നതടക്കമുള്ള കുറ്റം ചുമത്തിയാകും നടപടി സ്വീകരിക്കും.

ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഒന്നിലധികംതവണ പേരുചേര്‍ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമമുണ്ടായോയെന്ന് പരിശോധിച്ച് 20-നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരിക്കുന്നത്.കാസര്‍കോട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പരിശോധന നടത്താന്‍ ബുധനാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.

വ്യാഴാഴ്ച നല്‍കിയ വിവരങ്ങളനുസരിച്ച് ഏറ്റവും കൂടുതല്‍ വ്യാജ വോട്ടര്‍മാരെ കണ്ടെത്തിയത് തവന്നൂരാണ്. 4395 പേര്‍. മറ്റു മണ്ഡലങ്ങളുടെ വിവരം ഇങ്ങനെ: കൂത്തുപറമ്പ് (2795), കണ്ണൂര്‍ (1743), കല്‍പ്പറ്റ (1795), ചാലക്കുടി (2063), പെരുമ്പാവൂര്‍ (2286), ഉടുമ്പന്‍ചോല (1168), വൈക്കം(1605), അടൂര്‍(1283). മിക്കയിടത്തും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഒരേ വോട്ടര്‍മാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ ആവര്‍ത്തിച്ചിരിക്കുകയാണ്. ചിലതില്‍ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ഉദുമയില്‍ കുമാരി എന്ന വോട്ടറുടെ കാര്യത്തില്‍ വെളിവാക്കപ്പെട്ടതു പോലെ വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേര് പല തവണ ആവര്‍ത്തിക്കപ്പെടുകയും തങ്ങളുടെ പേരില്‍ കൂടുതല്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെടുകയും ചെയ്ത കാര്യം ഈ വോട്ടര്‍മാര്‍ അറിയണമെന്നില്ല. സംഘടിതമായി ചില നിക്ഷിപ്ത താത്പര്യക്കാരാണ് എല്ലാ മണ്ഡലങ്ങളിലും ഈ കൃത്രകമം നടത്തിയിരിക്കുന്നത്. അവര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കയ്യടക്കിയിരിക്കുകയാണ്. പിന്നീട് വോട്ടെടുപ്പിന് കള്ള വോട്ട് ചെയ്യുന്നതിനാണിതെന്ന് വ്യക്തമാണ്. സംസ്ഥാനത്തുട നീളം ഇത് സംഭവിച്ചിരിക്കുന്നത് വലിയ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എല്ലാ ജില്ലകളിലും ഈ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാ മണ്ഡലങ്ങളിലേയും വോട്ടര്‍ പട്ടിക സൂക്ഷമായി പരിശോധിക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവരില്‍ നിന്ന് വിവരം ലഭിക്കുന്ന മുറയ്ക്ക് മറ്റു മണ്ഡലങ്ങളിലെ ക്രമക്കേടിന്റെ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here