ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തിലേക്കും ബംഗാള്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.
അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ബോളിവുഡ് താരവുമായ ശത്രുഘ്നന്‍ സിന്‍ഹയാണ് മുന്നില്‍. ഒടുവിലെ ഫലം അനുസരിച്ച് രണ്ടാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാര്‍ഥി അഗ്നിമിത്ര പോളിനേക്കാളും ഒരു ലക്ഷത്തിന് മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശത്രുഘ്നന്‍ സിന്‍ഹ മുന്നിലുള്ളത്. സിപിഎം സ്ഥാനാര്‍ഥിയാണ് മൂന്നാം സ്ഥാനത്ത്.
ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച് കേന്ദ്ര മന്ത്രിയായിരുന്ന ബാബുള്‍ സുപ്രിയോ രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നതോടെയാണ് അസന്‍സോളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2019-ല്‍ 1,97,637 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു ബിജെപിക്ക് ഇവിടെ.
മഹാരാഷ്ട്രയിലെ കോലാപുര്‍ നോര്‍ത്ത് നിയമസഭാ സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തുന്ന സൂചനകളാണ് പുറത്ത് വരുന്നത്. വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ജയശ്രീ ജാദവിന് 14000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ബിജെപിയാണ് രണ്ടാമത്. എന്‍സിപി-ശിവസേന സഖ്യമായിട്ടാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സിറ്റിങ് എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസിന്റെ ചന്ദ്രകാന്ത് ജാദവ് കോവിഡ് ബാധിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോലാപുര്‍ നോര്‍ത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഛത്തീസ്ഢിലെ ഖൈരഗഡ് നിയമസഭാ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യശോദ വര്‍മ ആറായിരത്തിന് മുകളില്‍ വോട്ടുകള്‍ക്കാണ് ബിജെപിയുടെ കോമള്‍ ജംഗലിനോട് മുന്നിട്ട് നില്‍ക്കുന്നത്. ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് (ജെ)യുടെ സിറ്റിങ് സീറ്റാണിത്. എംഎല്‍എ ആയിരുന്ന ദേവ്റത്ത് സിങ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്.
ബിഹാറിലെ ബോച്ചഹാന്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയാണ് മുന്നിലുള്ളത്. സംവരണ മണ്ഡലമായ ബോച്ചഹാന്‍ മുകേഷ് സഹനിയുടെ നേതൃത്വത്തിലുള്ള വികാസ്ഷീല്‍ ഇന്സാന് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായിരുന്നു. സിറ്റിങ് എംഎല്‍എ ആയിരുന്ന മുസാഫിര്‍ പാസ്വാന്റെ മകനായ അമര്‍ പാസ്വാനെയാണ് ആര്‍ജെഡി രംഗത്തിറക്കിയിട്ടുള്ളത്. നിലവിലെ വോട്ട് നില അനുസരിച്ച് ഇവിടെ നിലവില്‍ ബിജെപി രണ്ടാമതും വികാസ്ഷീല്‍ ഇന്സാന് പാര്‍ട്ടി മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.