ന്യൂഡല്‍ഹി: വളരെ ചെറിയ പ്രായത്തില്‍ മയക്കുമരുന്ന് കള്ളക്കടത്തുകാരനുമായി വിവാഹം. ഏഴു മക്കളില്‍ ആറു പേരും മയക്കുമരുന്ന് ഉപഭോഗത്തെ തുടര്‍ന്ന് മരിച്ചു. മൂന്ന് ദശകമായി ഇപ്പോഴും മയക്കുമരുന്ന് കടത്ത് ചെയ്തു കൊണ്ടിരിക്കുന്നു. പറഞ്ഞു വരുന്നത് കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസിന്റെ പിടിയിലായ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ മയക്കുമരുന്ന് കടത്തുകാരി രാജ് റാണിയെക്കുറിച്ചാണ്.
ബുധനാഴ്ച പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഇന്ദ്രാപുരിയില്‍ നിന്നുമാണ് 88 കാരിയായ രാജ്റാണി പിടയിലായത്. ഇന്ദിരാപുരിയിലെ വീട്ടില്‍ 16 ഗ്രാം ഹെറോയിന്‍ വില്‍പ്പന നടത്തുന്നതിനിടയില്‍ പോലീസ് ഇവരേയും സഹായിയേയും കയ്യോടെ പിടികൂടുകയായിരുന്നു. മയക്കുമരുന്ന് വില്‍പ്പന നടക്കുന്നതായി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട് പോലീസ് റെയ്ഡ് ചെയ്യുകയായിരുന്നു. പോലീസ് ഇവരുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയില്‍ പോലും ഭര്‍ത്താവില്‍ നിന്നും കിട്ടിയ ബിസിനസ് ഇവര്‍ നടത്തിവരികയായിരുന്നു.
രാജ്യം കണ്ട ഏറ്റവും പ്രായമേറിയ മയക്കുമരുന്ന് കടത്തുകാരി ബിസിനസ് തുടങ്ങിയിട്ട് ദശകങ്ങളായി. പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. 90 കളില്‍ ഭര്‍ത്താവില്‍ നിന്നുമായിരുന്നു രാജ്റാണി മയക്കുമരുന്ന് ബിസിനസ് ഏറ്റെടുത്തത്. 1990 നും 1996 നും ഇടയില്‍ മൂന്ന് തവണയോളം ഇവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണത്തോടെ മയക്കുമരുന്ന് ബിസിനസില്‍ പൂര്ണ്ണമായുംശ്രദ്ധ കേന്ദ്രീകരിച്ചു.
വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയായ ഇവര്‍ക്ക് ഏഴൂ കുട്ടികള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് മയക്കുമരുന്ന് കച്ചവടക്കാരനായിരുന്നു. മക്കളില്‍ ആറു പേരും മയക്കുമരുന്ന് ഉപയോഗമോ അപകടമോ ഒക്കെയായി പല സാഹചര്യങ്ങളില്‍ മരണമടഞ്ഞു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട നിയമത്തെക്കുറിച്ചും ശിക്ഷയെ കുറിച്ചും കൃത്യമായ ധാരണയുള്ള രാജ്റാണി ഓരോ തവണ പിടിയിലാകുമ്പോഴും ജാമ്യത്തില്‍ ഇറങ്ങും. തനിയെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുള്ള രാജ്റാണി ഒരു സഹായിയെ ഒപ്പം കൂട്ടിയിട്ടുണ്ട്. ഇയാളുടെ സഹായത്താലാണ് പുറത്തുപോകുന്നതും ഇന്ദിരപുരിയിലെ വീട്ടില്‍ തിരിച്ചെത്തുന്നതും.