തിരുവനന്തപുരം: ദത്ത് വിഷയത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും ശിശുക്ഷേമ സമിതിക്കും ഗുരുതരമായ വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്.ശിശുക്ഷേമ സമിതി റിപ്പോർട്ടിലെ ഒരുഭാഗം മായ്ച്ചുകളഞ്ഞുവെന്നും ദത്ത് തടയാൻ സിഡബ്ല്യുസി ഇടപെട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ദത്തുമായി ബന്ധപ്പെട്ട കാര്യം സിഡബ്ല്യുസി പൊലീസിനെ അറിയിച്ചില്ല. അനുപമ എസ്.ചന്ദ്രന്റെ പരാതി ലഭിച്ചിട്ടും സിഡബ്ല്യുസി ദത്ത് നടപടികളുമായി മുന്നോട്ടുപോയെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഇന്ന് മന്ത്രി വീണാ ജോർജിന് കൈമാറും.
തന്റെ കുട്ടി ആണ് ഇവിടെ എത്തിച്ചിരിക്കുന്നതെന്നും തിരികേ വേണമെന്നും ആവശ്യപ്പെട്ട് അനുപമ ഓഗസ്റ്റ് 11ന് സിഡബ്ല്യൂസിയെ സമീപിച്ചിരുന്നു. ഓഗസ്റ്റ് ആറിനാണ് കുട്ടിയെ ദത്ത് നൽകാൻ അഡോപ്ഷൻ കമ്മിറ്റി തീരുമാനിക്കുന്നത്. തുടർന്ന് അടുത്ത ദിവസം തന്നെ ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ വേണമെന്നാവശ്യപ്പെട്ട് അനുപമ സമീപിച്ചതിന് ശേഷവും ദത്ത് നടപടികൾ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി സിഡബ്ല്യൂസി മുന്നോട്ട് പോയി. ഇതുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസി ഓഗസ്റ്റ് 16ന് കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തു. സംഭവത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ അടക്കമുള്ളവരെ അനുപമയും അജിത്തും നേരിൽ കണ്ട് പല തവണ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തിരികെ എത്തിക്കാനുള്ള ഒരു നടപടിയും നൽകിയില്ല എന്ന് മാത്രമല്ല സ്ഥിരം ദത്ത് നൽകാനുള്ള നടപടികളുമായി മുന്നോട്ട് പോയി എന്നും റിപ്പോർട്ടിൽ പറയുന്നു.