രാത്രി ഒന്‍പതു വരെ ഓഫിസില്‍ ജോലി ചെയ്തിരുന്ന മേയര്‍ക്കു പുലര്‍ച്ചെ 5.14നു സുഖപ്രസവം.
സന്തോഷവാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് ‘ജോലിയാണ് ആരാധന’ എന്നു പ്രഖ്യാപിച്ച മേയര്‍ക്കു സമൂഹമാധ്യമങ്ങളില്‍ വലിയ കൈയടി. ജയ്പുര്‍ ഗ്രേറ്റര്‍ മേയര്‍ ഡോ.സൗമ്യ ഗുജ്ജറാണ് പ്രസവവേദന തുടങ്ങുന്നതുവരെ ഓഫിസില്‍ ജോലി ചെയ്തത്.
ബുധനാഴ്ച വൈകിട്ടു തുടങ്ങിയ യോഗം നീണ്ടതോടെ രാത്രി ഒന്‍പതു വരെ മേയര്‍ നഗരസഭാ ഓഫിസില്‍ തുടര്‍ന്നു. തുടര്‍ന്നു 12.30നു പ്രസവ വേദന തുടങ്ങിയതോടെ മേയര്‍ ഒരു സ്വകാര്യ ആശുപത്രിയിലേക്കു പോകുകയായിരുന്നു. പുലര്‍ച്ചെ 5.15ന് ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ കാണിച്ചു മേയര്‍ സൗമ്യ ഗുജ്ജര്‍ ട്വീറ്റ് ചെയ്തതോടെ സമൂഹമാധ്യമങ്ങളില്‍ ഇത് ആഘോഷമായി. താനും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മേയര്‍ ട്വിറ്ററില്‍ കുറിച്ചു.