കോയമ്പത്തൂര്‍: അനുവാദമില്ലാതെ പാത്രത്തില്‍ നിന്ന് പൊറോട്ടയെടുത്തു കഴിച്ച യുവാവിനെ 51കാരന് തല്ലിക്കൊന്നു. ഇടയര്‍പാളയം ശിവാജി കോളനി ശിവകാമി നഗറില്‍ ജയകുമാര്‍ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശിവകുമാറിനെ മര്‍ദ്ദിച്ചു കൊന്ന തടാകം റോഡിലെ തൊഴിലാളി വെള്ളിങ്കിരി(51)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ജയകുമാറും കൂട്ടുകാരും തടാകത്തെ ഇഷ്ടിക കളത്തില്‍ മദ്യപിക്കുമ്പോഴാണ് സമീപത്തെ താമസ സ്ഥലത്തിരുന്ന് വെള്ളിങ്കിരി പൊറോട്ട കഴിക്കുന്നത് കണ്ടത്. അവിടേക്ക് ചെന്ന ജയകുമാര്‍ വെള്ളിങ്കിരിയുടെ അനുവാദമില്ലാതെ അയാളുടെ പാത്രത്തില്‍ നിന്ന് പൊറോട്ടയെടുത്തു കഴിച്ചു.
ജയകുമാറിന്റെ നടപടിയെ വെള്ളിങ്കിരി ചോദ്യം ചെയ്തപ്പോള്‍ രണ്ടുപേരും തമ്മില്‍ വഴക്കായി. വഴക്കിനിടെ ജയകുമാര്‍ ഇഷ്ടികയെടുത്ത് വെള്ളിങ്കിരിയെ അടിച്ചു. കോപിച്ച വെള്ളിങ്കിരി മരക്കഷ്ണമെടുത്ത് ജയകുമാറിന്റെ തലയ്ക്കും ദേഹത്തും പൊതിരെ തല്ലി. പരുക്കേറ്റ ജയകുമാര്‍ സംഭവ സ്ഥലത്തു മരിച്ചു.