ന്യൂഡൽഹി: ഇന്ത്യൻ താരം ഹർഭജൻ സിങ് സജീവ ക്രിക്കറ്റിൽനിന്നും വിരമിച്ചു. ഇഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായിരുന്നു ഹർഭജൻ സിംഗ്. ടെസ്റ്റിൽ ഹാട്രിക്ക് നേടിയ ആദ്യ ഇന്ത്യൻ ബൗളറായ ഹർഭജൻ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട കരിയർ മതിയാക്കുന്നതായി അറിയിച്ചത്.ഇതോടെ, ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഉൾപ്പെടെ ഇനി ഹർഭജനെ കാണാനാകില്ല. 41 വയസുകാരനായ താരം 2016ലാണ് ഇന്ത്യക്കായി അവസാനം കളിച്ചത്. പലവിധത്തിലും താൻ മുൻപേ തന്നെ വിരമിച്ചിരുന്ന’തായി ഹർഭജൻ വിരമിക്കൽ പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി. വർഷങ്ങളായി രാജ്യാന്തര ക്രിക്കറ്റിൽ ഉൾപ്പെടെ ഹർഭജൻ സജീവമായിരുന്നില്ല. അതേസമയം, ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കഴിഞ്ഞ സീസൺ വരെ കളിച്ചിരുന്നു. കൊൽക്കത്തയുമായുള്ള കരാർ നിമിത്തമാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം വൈകിയത്.
ഭാജി എന്ന വിളിപ്പേരിലാണ് താരം അറിയപ്പെട്ടിരുന്നത്.പഞ്ചാബിലെ ജലന്ധർ സ്വദേശിയായ ഹർഭജൻ 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി-20 മത്സരങ്ങളും കളിച്ചു. 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 417 വിക്കറ്റുകളാണ് താരത്തിനുള്ളത്.1998-ല്‍ ഷാര്‍ജയില്‍ ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തിലാണ് ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറിത്. 2016-ല്‍ ധാക്കയില്‍ യു.എ.ഇയ്ക്കെതിരായ ട്വന്റി-20യിലാണ് രാജ്യത്തിനായി അവസാനമായി കളിച്ചത്.2001 മാര്‍ച്ചില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനം ഹര്‍ഭജന്റെ കരിയറിലെ ഏറ്റവും മികച്ചതായിരുന്നു. അന്ന് മൂന്നു ടെസ്റ്റുകളില്‍ നിന്ന് 32 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
2011ൽ ലോകകപ്പും 2007ൽ ട്വന്റി-20 ലോകകപ്പും നേടിയ ടീമിലും ഹർഭജൻ അംഗമായിരുന്നു.