അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറി കടക്കുകയും ചെയ്തു. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലണ്ടിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം. മത്സരത്തിൽ രണ്ട് ഗോൾ റൊണാൾഡോ നേടി.
കളി പോര്‍ച്ചുഗലിന്റെ കയ്യില്‍ നിന്ന് വഴുതി പോകുമെന്ന് ഉറപ്പാക്കിയ അവസാന നിമിഷങ്ങളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍ നേട്ടം. 89ആം മിനിറ്റില്‍ ഹെഡറിലൂടെ ആദ്യ ഗോളും ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളില്‍ രണ്ടാം ഗോളും പിറന്നു. ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന സെർജിയോ റാമോസിന്റെ ഒപ്പമെത്താനും ഇതോടെ റൊണാൾഡോയ്ക്കായി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലായി 33 ഗോളുകളാണ് പോർച്ചുഗലിനായി റൊണാൾഡോ നേടിയത്.