തിരുവനന്തപുരം: സ്കൂളുകളിൽ വാക്സിനേഷൻ ഇന്ന് മുതൽ ആരംഭിച്ചു. 15മുതൽ 17വയസുവരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകിത്തുടങ്ങി. 967 വാക്സിനേഷൻ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പല ജില്ലകളിലുമായി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് ഗേൾസ് സ്കൂളിലെ വാക്സിനേഷൻ സെന്റർ ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു.
15മുതൽ 17വയസുവരെയുള്ള എട്ട് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കാണ് ഇന്നുമുതൽ സ്കൂളുകളിൽ വാക്സിൻ നൽകാൻ തുടങ്ങിയത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായുള്ള ടാസ്ക്ഫോഴ്സിനാണ് വാക്സിൻ നൽകുന്നതിന്റെ ഉത്തരവാദിത്തം.2007ലോ അതിനു മുമ്പോ ജനിച്ചവർക്ക് വാക്സിൻ എടുക്കാം. സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. 500ൽ കൂടുതൽ വിദ്യാർത്ഥികളുള്ള സ്കൂളുകളെ സെഷൻ സൈറ്റുകളാക്കി അടുത്തുള്ള വാക്സിൻ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇവിടെയും വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം, വെയിറ്റിംഗ് ഏരിയ എന്നിവയുമുണ്ടായിരിക്കും. കുട്ടികൾ വാക്സിൻ എടുത്തെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.