റായ്പുര്‍: ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ബിഎംഡബ്ല്യു കാറുമായി രാത്രി പതിനൊന്ന് മണിക്ക് കാറില്‍ കറങ്ങാനിറങ്ങി ഫെയ്സ് ബുക്കിലൂടെ ലൈവ് സ്ട്രീമിങ് നടത്തിയ യുവാവിന് കിട്ടിയത് പോലീസിന്റെ വക എട്ടിന്റെ പണി. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരില്‍ തിങ്കളാഴ്ച രാത്രിയാണ് അഭിനവ് സോണി എന്ന യുവാവ് കറങ്ങാനിറങ്ങിയത്. അതിരാവിലെ തന്നെ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
ആര്‍ക്കിടെക്ടായ അഭിനവ് സോണിയെ കസ്റ്റഡിയിലെടുക്കുക മാത്രമല്ല അഭിനവിന്റെ മാപ്പ് പറച്ചിലും കൂടി റായ്പുര്‍ പോലീസ് ലൈവാക്കി. ‘ലോക്ക്ഡൗണ്‍ ലംഘിച്ച് ഞാനിന്നലെ രാത്രി ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇന്ന് ഞാന്‍ മന്ദിര്‍ ഹസൗദ് പോലീസ് സ്റ്റേഷനില്‍ എന്റെ അറസ്ററിന്റെ ലൈവ് കാണുകയാണ്’. അഭിനവ് വീഡിയോക്കൊപ്പം തന്റെ വോളില്‍ കുറിച്ചു.’ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ ഞാനെന്റെ തെറ്റ് അംഗീകരിക്കുകയും മാപ്പ് പറയുകയും ചെയ്യുന്നു’. യുവാവ് കൂട്ടിച്ചേര്‍ത്തു.
നഗരത്തിലൂടെ ഏകദേശം 20 കിലോമീറ്ററോളം അഭിനവ് രാത്രി കറങ്ങിയിരുന്നു. ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങുകയും ചെയ്തു. ഇതെല്ലാം അഭിനവ് ലൈവായി സ്ട്രീം ചെയ്യുകയും ചെയ്തു. ധാരാളം ഫെയ്സ് ബുക്ക് സുഹൃത്തുക്കള്‍ വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തുകയും ചെയ്തിരുന്നു. എന്നാല്‍ വൈകാതെ തന്നെ ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
രാത്രി വൈകി ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് കറങ്ങിയത് കൂടാതെ ഫെയ്സ്ബുക്കില്‍ ലൈവായി കാണിക്കുകയും ചെയ്തത് ശ്രദ്ധയില്‍ പെട്ടതോടെ ആ യുവാവിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് യുവാവിന്റെ അക്കൗണ്ടിലൂടെ ലൈവായി കാണിയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും യുവാവിന്റെ കാറും ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്നും റായ്പുര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് ആരിഫ് എച്ച് ഷെയ്ഖ് അറിയിച്ചു. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു