പത്തനംതിട്ട: ജില്ലയില്‍ ഇന്ന് പുതിയതായി ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നും മേയ് 7ന് രാത്രി കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തിലെ വായ്പൂര് സ്വദേശിനി(69)ക്കാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് എത്തിയ ആദ്യവിമാനമായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 452 ലാണ് ഇവര്‍ യാത്ര ചെയ്തത്. ഇവര്‍ ഉള്‍പ്പെടെ ആറുപേരാണ് ജില്ലയില്‍ നിന്നും ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.
മേയ് എട്ടിന് പുലര്‍ച്ചെ ജില്ലയില്‍ എത്തിയ വായ്പൂര് സ്വദേശിനി ഉള്‍പ്പെടെ നാലുപേരെ റാന്നി ഗേറ്റ്വേ റസിഡന്‍സി കോവിഡ് കെയര്‍ സെന്ററിലാണ് പാര്‍പ്പിച്ചിരുന്നത്. ഗര്‍ഭിണികളായ നെടുമ്പ്രം, ഇരവിപേരൂര്‍ സ്വദേശിനികള്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തിലാണ്. ഈ വിമാനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ ആറുപേരുടെയും സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. അഞ്ചുപേരുടെ ഫലങ്ങള്‍ നെഗറ്റീവായപ്പോള്‍ വായ്പൂര് സ്വദേശിനിയുടെ ഫലം പോസിറ്റീവാകുകയായിരുന്നു.
കോവിഡ് കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കപ്പെടുന്ന ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണുകളില്‍ നിന്നുള്ളവരും ക്വാറന്റൈനില്‍ പ്രവേശിക്കപ്പെട്ട വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും അല്ലാത്തവരും നിര്‍ദേശങ്ങള്‍ പാലിച്ചുകഴിയണമെന്നും ലംഘനങ്ങള്‍ കണ്ടെത്താന്‍ ജനമൈത്രി പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടെ എല്ലാ നിര്‍ദേശങ്ങളും പാലിക്കുകയും പൊതുസ്ഥലങ്ങളിലും മറ്റും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും പാസില്ലാതെ ആരെയും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ലംഘനങ്ങളിലേക്കു പോലീസിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിക്കപ്പെട്ട സന്ദര്‍ഭം മുതലെടുത്ത് ചിലര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്യുന്നത് തടയുന്നതിനു നടപടി സ്വീകരിക്കും. ഇതിനായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്ശമനനിര്ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്കു ജില്ലയില്‍ തിങ്കള്‍ വൈകിട്ട് മുതല്‍ ചൊവ്വ വൈകിട്ട് നാലുവരെ 186 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 206 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 152 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.