Home Top News കോവിഡ്-19 ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 12,759 ആയി; മരണസംഖ്യ 420; 24...

കോവിഡ്-19 ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 12,759 ആയി; മരണസംഖ്യ 420; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 941 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19 മരണസംഖ്യ 420 ആയി. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 941 പുതിയ കേസുകള്‍.
വ്യാഴാഴ്ച 28 പേര്‍കൂടി മരിച്ചതോടെയാണ് രാജ്യത്ത് മരണസംഖ്യ 420 ആയി ഉയര്‍ന്നത്. രാജ്യത്ത് ആകെ 941 കൊറോണ വൈറസ് കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 12,759 ആയി ഉയര്‍ന്നു. ഇതില്‍ 1514 പേര്‍ക്ക് രോഗം ഭേദമായി.മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയില്‍ കോവിഡ് -19 ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന. 26 പേര്‍ക്ക് ഇവിടെ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 2919 ആയി ഉയര്‍ന്നു. 187 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. ഡല്‍ഹിയാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 1578 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗബാധ സ്ഥിരീകരിച്ചത്. തമിഴ്നാട്- 1242, രാജസ്ഥാന്‍ 1023, ഉത്തര്‍പ്രദേശ്- 773, ജമ്മു കശ്മീര്‍- 300, പശ്ചിമബംഗാള്‍- 231, ഹരിയാന- 205 എന്നിങ്ങനെയാണ് രോഗബാധ കൂടുതലുള്ള മറ്റു സംസ്ഥാനങ്ങള്‍.

മുംബൈയിലെ ധാരാവിയില്‍ വ്യാഴാഴ്ച ഒരാള്‍ കൂടി മരിച്ചതോടെ ഇവിടെമാത്രം മരണസംഖ്യ ഒമ്പതായി. നിലവില്‍ ധാരാവിയില്‍ 86 കോവിഡ് രോഗികളാണുള്ളത്. വ്യാഴാഴ്ച രാവിലെ 11 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരുന്നു. വൈകുന്നേരത്തോടെ 15 പേര്‍ക്കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെയാണ് ഇന്ന് രോഗബാധിതരുടെ എണ്ണം 26 ആയി ഉയര്‍ന്നതെന്ന് ബൃഹ്മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.

11 പേര്‍ മുസ്ലിം നഗറിലും മുകുന്ദ് നഗര്‍- നാല്, സോഷ്യല്‍ നഗര്‍, രാജീവ് നഗര്‍- രണ്ടുവീതം, സായ് രാജ് നഗര്‍, ട്രാന്‍സിറ്റ് ക്യാമ്പ്, റാംജി ചൗള്‍, ലക്ഷ്മി ചൗള്‍, ജനതാ സൊസൈറ്റി, ശിവ് ശക്തി നഗര്‍, സര്‍വോദയ് നഗര്‍ എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ലക്ഷ്മി ചൗള്‍ മേഖലയിലെ 58 വയസ്സുള്ള ആളാണ് കോവിഡ് 19 ബാധിച്ച് വ്യാഴാഴ്ച മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here