Home KERALA കേരളത്തില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; കാസര്‍കോട്ട് 10 പേര്‍ക്ക്

കേരളത്തില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; കാസര്‍കോട്ട് 10 പേര്‍ക്ക്

തിരുവനന്തപുരം: രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഒരു പോലീസുദ്യോഗസ്ഥനും അടക്കം 26 പേര്‍ക്ക് ഇന്ന് കേരളത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. പോസിറ്റീവ് ആയതില്‍ 14 പേര്‍ കേരളത്തിനു പുറത്തുനിന്ന് വന്നവരാണ്. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാസര്‍കോട്ട് 10 പേര്‍ക്കും മലപ്പുറത്ത് അഞ്ച് പേര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ 3 പേര്‍ക്കും കണ്ണൂരില്‍ രണ്ടു പേര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. മൂന്നു പേരുടെ ഫലം നെഗറ്റീവായി. കൊല്ലം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്.

കേരളത്തിനു പുറത്തുനിന്നു വന്നവരില്‍ ഏഴ് പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. ഏഴുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരുമാണ്. ചെന്നൈ 2, മുംബൈ 4, ബെംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ രോഗബാധിതര്‍.

11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കാസര്‍കോട് എഴു പേര്‍ക്ക്, വയനാട്- 3, പാലക്കാട് -1 എന്നിങ്ങനെയാണ് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായത്. ഇന്ന് രോഗം ബാധിച്ചവരില്‍ കാസര്‍കോടുകാരായ രണ്ട് ആരോഗ്യപ്രവര്‍ത്തകരും വയനാട്ടിലെ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു. ഇടുക്കിയില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചതായി മനസിലായത് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ്.

സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ മൂന്ന്, കാസര്‍കോട് 3, വയനാട് ഏഴ്, കോട്ടയം, തൃശ്ശൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് ഇപ്പോള്‍ ഹോട്ട്സ്പോട്ടുകള്‍.

കേരളത്തില്‍ 560 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 64 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 36910 പേരാണ് നിരീക്ഷണത്തിലുള്ളത്. 36362 പേര്‍ വീടുകളിലും 548 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 174 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 40692 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 39619 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 4347 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4249 നെഗറ്റീവ് ആയതായും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 124 മലയാളികളാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. അരോഗ്യ-സാമൂഹ്യപ്രവര്‍ത്തന മേഖലയിലുള്ളവരും രോഗത്തിന് കീഴടങ്ങിയിട്ടുണ്ട്. ഇവരുടെയെല്ലാവരുടെയും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഓരോ രാജ്യങ്ങളും നിര്‍ദേശിക്കുന്ന പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

വാക്സിന്റെ അഭാവത്തില്‍ എച്ച്ഐവി പോലെതന്നെ ലോകത്താകെ നിലനില്‍ക്കുന്ന ഒന്നായി ഈ വൈറസ് മാറാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. പൊതുസമൂഹത്തിന്റെ ആകെ പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നത് പരമപ്രധാനമാണ്. നമ്മുടെ ആരോഗ്യസംവിധാനം ആ രീതിയില്‍ ക്രമീകരിക്കും. ഒപ്പം, പൊതുമൂഹം അതിനനുസരിച്ച് ജീവിതരീതിയില്‍ മാറ്റംവരുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌ക് ശീലമാക്കുക, പൊതു ഇടങ്ങളില്‍ തിക്കുംതിരക്കും ഇല്ലാതാക്കാന്‍ ക്രമീകരണങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമായി ചെയ്യേണ്ടിവരും. അത്യാവശ്യത്തിനു മാത്രം യാത്രകളും കൂടിച്ചേരലുകളും നടത്തുക. റസ്റ്റോറന്റുകള്‍ ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ മുന്‍കൂട്ടി സമയം നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടതായി വരും. ലോക്ക്ഡൗണ്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകളില്‍ നാം വൈറസിനെ കരുതിക്കൊണ്ടായിരിക്കണം ജീവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here