Home KERALA സെക്രട്ടേറിയറ്റിലെ കോവിഡ്‌ വ്യാപനം: പദ്ധതിപ്രവര്‍ത്തനം താളംതെറ്റുന്നു

സെക്രട്ടേറിയറ്റിലെ കോവിഡ്‌ വ്യാപനം: പദ്ധതിപ്രവര്‍ത്തനം താളംതെറ്റുന്നു

തിരുവനന്തപുരം: സാമ്പത്തികവര്‍ഷം അവസാനിക്കാറായിരിക്കെ സെക്രട്ടേറിയറ്റില്‍ ധനവകുപ്പിലുള്‍പ്പെടെ കോവിഡ്‌ വ്യാപനം രൂക്ഷമായത്‌ പദ്ധതിപ്രവര്‍ത്തനങ്ങള്‍ താളംതെറ്റിക്കും. പല വകുപ്പുകളിലും ജീവനക്കാരുടെ എണ്ണം 50% ആയി കുറച്ചപ്പോള്‍ എത്തുന്നത്‌ അതിനും താഴെപ്പേര്‍.
2020-21 സാമ്പത്തികവര്‍ഷത്തെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി 50 ദിവസത്തിനടുത്തേയുള്ളൂ. തെരഞ്ഞെടുപ്പ്‌ വര്‍ഷമായതിനാല്‍ അത്ര സാവകാശം ലഭിക്കില്ല. ഈ മാസം അവസാനത്തോടെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്നേക്കും. അങ്ങനെയെങ്കില്‍ കഷ്‌ടിച്ച്‌ 20 ദിവസമേ പദ്ധതിപ്രവര്‍ത്തനനങ്ങള്‍ക്കു കിട്ടൂ.
സര്‍ക്കാരിന്റെ കണക്കുപ്രകാരം ഇന്നലെവരെ സംസ്‌ഥാനത്ത്‌ പദ്ധതികളുടെ 59.32% മാത്രമാണ്‌ നടന്നത്‌. 2020-21 വര്‍ഷത്തേക്കു കേരളം 36,786.33 കോടി രൂപയുടെ പദ്ധതിക്കാണ്‌ രൂപം നല്‍കിയത്‌. ഇരുപതിനായിരത്തില്‍ പരം കോടി രൂപ മാത്രമാണ്‌ ഇതുവരെ ചെലവഴിക്കപ്പെട്ടത്‌.
20,452 കോടി രൂപയുടെ സംസ്‌ഥാനപദ്ധതികളില്‍ 62.51% മാത്രമാണ്‌ പൂര്‍ത്തിയായത്‌. തദ്ദേശസ്‌ഥാപനങ്ങളുടെ 7,158 കോടി രൂപയുടെ പദ്ധതികളില്‍ പൂര്‍ത്തിയായത്‌ 55.37%. കേന്ദ്രാവിഷ്‌കൃത പദ്ധതിയിലും വലിയ മെച്ചമുണ്ടായിട്ടില്ല. 9,176.33 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃതപദ്ധതികളില്‍ ഇതുവരെ പൂര്‍ത്തിയായത്‌ 55.3% മാത്രമാണ്‌. കോവിഡാണ്‌ പദ്ധതിപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിച്ചതെന്നാണ്‌ ഔദ്യോഗികവാദം. അതിനിടെയാണ്‌ ധനവകുപ്പിന്റേതടക്കം പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here