Home KERALA കേരളത്തില്‍ ആദ്യ കോവിഡ് മരണം കൊച്ചിയില്‍ ; 69 കാരനായ മട്ടാഞ്ചേരി സ്വദേശി

കേരളത്തില്‍ ആദ്യ കോവിഡ് മരണം കൊച്ചിയില്‍ ; 69 കാരനായ മട്ടാഞ്ചേരി സ്വദേശി

കൊച്ചി: ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ച രോഗികളുടെ പട്ടികയിലേക്ക് കേരളവും. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചകിത്സയില്‍ കഴിഞ്ഞ മട്ടാഞ്ചേരി സ്വദേശി മരണമടഞ്ഞു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ കോവിഡ് മരണമാണ് ഇത്. ശരീരം വീട്ടുകാര്‍ക്ക് വിട്ടു കൊടുത്തിട്ടുണ്ട്. മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഉച്ചയോടെ തന്നെ സംസ്ക്കരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദുബായില്‍ നിന്നും എത്തിയ 69 കാരനാണ് മരണത്തിന് കീഴടങ്ങിയത്. മരണം ഇന്ന് രാവിലെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും ഉണ്ടായിരുന്ന ഹൈറിസ്ക്ക് വിഭാഗത്തില്‍ പെടുന്നയാളായിരുന്നു ഇദ്ദേഹത്തെ രോഗം മൂര്‍ച്ഛിച്ചതിനാല്‍ ഇന്ന് രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എറണാകുളം ചുള്ളിക്കല്‍ സ്വദേശിയായ രോഗി ദുബായില്‍ നിന്നും ഈ മാസം 16 ന് നാട്ടിലെത്തിയയാളാണ്. മാര്‍ച്ച് 22 നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പി​ക്കുമ്പോള്‍ തന്നെ ഹൃദ്രോഗം കടുത്ത നിലയിലായിരുന്നു. ഇദ്ദേഹത്തിനൊപ്പം വന്ന ഭാര്യയും ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോയ ടാക്സി ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹം താമസിച്ച ഫ്ളാറ്റില്‍ ഉള്ളവരും വിമാനത്തില്‍ കൂടെ സഞ്ചരിച്ചവരും വിമാനത്താളവത്തില്‍ നിന്നും വീട്ടിലേക്ക് എത്തിച്ച ഡ്രൈവറുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരുമെല്ലാം നിരീക്ഷണത്തിലായി.

16 ാം തീയതി കൊച്ചിയില്‍ വിമാനം ഇറങ്ങിയ ഇദ്ദേഹം ഹോം ക്വാറന്റൈനിലായിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്നും ഓണ്‍ലൈന്‍ ടാക്സിയില്‍ ചുള്ളിക്കലേക്ക് എത്തിച്ച ടാക്സി ഡ്രൈവറും ഒട്ടേറെ ആള്‍ക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇവരെയെല്ലാം ഐസൊലേഷനില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 15 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വിദേശ പൗരന്‍ ഉള്‍പ്പെടെയുള്ള ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ രോഗികളുടെ എണ്ണം 100 കടന്നിട്ടുണ്ടായിരുന്നു എങ്കിലും സംസ്ഥാനത്ത് ആദ്യ കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തേയും ഗുരുതരാവസ്ഥയിലേക്ക് എത്തിയ രോഗികള്‍ ഉണ്ടായിരുന്നെങ്കിലൂം അവര്‍ ഭേദപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here