കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറാത്തത് ശരിയല്ലെന്ന് ഹൈക്കോടതി. ഡിജിറ്റൽ തെളിവുകൾ നടൻ മനപ്പൂർവം മറച്ചുപിടിക്കുന്നുവെന്ന പ്രോസിക്യൂഷന്റെ വാദമാണ് കോടതി അംഗീകരിക്കുന്നത്. സ്വകാര്യ വിവരങ്ങൾ ഉള്ളതിനാൽ ഫോൺ പരിശോധനയ്ക്ക് നൽകാനാവില്ലെന്ന് ദിലീപ് അറിയിച്ചിരുന്നു.
ഒന്നുകിൽ ദിലീപിന്റെ മുൻകൂർ ജാമ്യം തള്ളണം അല്ലെങ്കിൽ കസ്റ്റോഡിയൽ ഇന്ററോഗേഷനുവേണ്ടി വിട്ടുനൽകണം എന്നാവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോടതിയിൽ ഫോൺ ഹാജരാക്കുന്നതിൽ ദിലീപ് ഇന്ന് കോടതിയിൽ നിലപാട് അറിയിക്കേണ്ടതായി വരും. ഫോൺ കൈമാറാൻ ആശങ്കയെന്തിനെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെല്ലാം ഹാജരാക്കണമെന്നും ദിലീപിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.
എന്നാൽ പൊലീസിന്റെ ഫോറൻസിക് ലാബിൽ വിശ്വാസമില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്. കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് കാട്ടി പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിലാണ് അടിയന്തരമായി കേസ് പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതെല്ലാം ഹാജരാക്കിയെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ദിലീപ് പറഞ്ഞിരുന്നു. സർക്കാരിന്റെയും മാദ്ധ്യമങ്ങളുടെയും ഇരയാണ് താനെന്നും ദിലീപ് ആരോപിച്ചു.