ലൈംഗിക ബന്ധത്തിലൂടെ കോവിഡ് പകരുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമിട്ട് ബീജത്തില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയെന്ന ചൈനീസ് ഗവേഷകരുടെ ഞെട്ടിക്കുന്ന പുതിയ റിപ്പോര്‍ട്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 38 കോവിഡ് രോഗികളില്‍ ആറു പേരുടെ ശുക്ളത്തിലാണ് കോവിഡ് 19 സാന്നിദ്ധ്യം കണ്ടെത്തിയത്. ഷാങ്ഹൂ മുനിസിപ്പല്‍ ആശുപത്രിയില്‍ നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തല്‍. അതേസമയം ശുക്ളത്തില്‍ വൈറസിന് എത്ര സമയം നില്ക്കാനാകും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളിയിലേക്ക് പകരുമോ തുടങ്ങിയ പഠനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.നിലവിലെ കണ്ടെത്തല്‍ പ്രാഥമികം മാത്രമാണ്. കുറച്ച് കേസുകളില്‍ മാത്രമാണ് ഈ പ്രതിഭാസം കണ്ടെത്തിയിട്ടുമുള്ളൂ. അതെസമയം രോഗം ഭേദപ്പെട്ട രോഗികളുമായുള്ള ലൈംഗികതയിലൂടെ കൊറോണ വൈറസ് പകരുമെങ്കില്‍ അത് ഗൗരവപ്പെട്ടതായി മാറും. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത് രോഗം ഭേദമായിക്കൊണ്ടിരിക്കുന്ന രോഗികളിലാണ്. പൂര്‍ണമായും ഭേദമായ രോഗികളില്‍ പഠനം നടക്കേണ്ടതായുമുണ്ട്.
നേരത്തേ അസുഖം തുടങ്ങി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ തന്നെ ഇത്തരം പരിശോധനകള്‍ അമേരിക്കയിലെയും ചൈനയിലെയും ഗവേഷകര്‍ നോക്കിയെങ്കിലും ഒരു തെളിവും കണ്ടെത്താനായിരുന്നില്ല. സാധാരണഗതിയില്‍ രോഗമുള്ളയാളുടെ സ്രവത്തില്‍ നിന്നോ തൊട്ടടുത്ത് നില്‍ക്കുന്നയാളില്‍ നിന്നോ പകരാനുള്ള സാധ്യതയാണ് അധികൃതര്‍ നടത്തുന്നത്. രക്തം, മലം, കണ്ണീര് തുടങ്ങിയവയില്‍ നിന്നും നേരത്തേ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
നേരത്തേ സികാ, എബോളാ വൈറസുകള്‍ ശുക്ളത്തില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൊറോണയുടെ സാന്നിദ്ധ്യവും ഇതില്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണം ഗവേഷകര്‍ നടത്തിയിരുന്നു. എന്നാല്‍ മാര്‍ച്ചിലും ഫെബ്രുവരിയിലുമെല്ലാം ചൈനയില്‍ ഇത്തരം പരിശോധനകള്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. അതേസമയം കോവിഡ് പകരാന്‍ കാരണമായ കാര്യങ്ങളില്‍ ലൈംഗിക ബന്ധം ഉണ്ടോയെന്ന കാര്യം ഇനിയും വിദഗ്ദ്ധര്‍ സ്ഥിരീകരിച്ചിട്ടില്ല.