Home Top News കോവിഡ്: കേരളത്തില്‍നിന്നുള്ളവര്‍ക്ക് നാലുസംസ്ഥാനങ്ങളിലേക്ക് യാത്രാനിയന്ത്രണം; കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്‍മാത്രം പ്രവേശനം

കോവിഡ്: കേരളത്തില്‍നിന്നുള്ളവര്‍ക്ക് നാലുസംസ്ഥാനങ്ങളിലേക്ക് യാത്രാനിയന്ത്രണം; കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്‍മാത്രം പ്രവേശനം

 

ന്യൂഡല്‍ഹി/മംഗളൂരു: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെനിന്ന് കര്‍ണാടകം, മഹാരാഷ്ട്ര, മണിപ്പുര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്‍മാത്രം വന്നാല്‍മതി എന്നതാണ് അറിയിപ്പ്.

ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതര്‍ അറിയിച്ചു. കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്കുള്ള എല്ലാ അതിര്‍ത്തിയും അടയ്ക്കുമ്പോഴും കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വ്യാഴാഴ്ച മുതലേ ഇത് കര്‍ശനമാക്കുന്നുള്ളൂ.

ഒരിക്കല്‍മാത്രം യാത്രചെയ്യുന്നവര്‍ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്. നിത്യേന യാത്രചെയ്യുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ടും മംഗളൂരുവിലെ എവിടേക്കാണ് പോകുന്നതെന്നു തെളിയിക്കുന്ന രേഖയും കൈയില്‍ കരുതണം. ആംബുലന്‍സില്‍ രോഗികളുമായി വരുന്നവര്‍ ആശുപത്രിയിലെത്തിയാല്‍ ഉടന്‍ രോഗിയെയും കൂടെ വന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം.

മഹാരാഷ്ട്ര, ഒഡിഷ, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ പലതരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്.

കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയില്‍ പോകണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് റിപ്പോര്‍ട്ട് വേണം. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുണ്ടെങ്കിലേ കര്‍ണാടകത്തിലും മണിപ്പുരിലും പ്രവേശിക്കാനാവൂ. ഒഡിഷയില്‍ പുറത്തുനിന്നെത്തുന്ന 55 വയസ്സിന് മുകളിലുള്ള എല്ലാവരും എത്തിയാലുടന്‍ കോവിഡ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.

തിങ്കളാഴ്ചമുതല്‍ കര്‍ണാടകം നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. തലപ്പാടി, നെട്ടണിഗെ, മുഡ്നൂരു, മോണാല, സാറഡ്ക്ക, ജാല്‍സൂര്‍ എന്നീ റോഡുകളിലൂടെ മാത്രമാണ് നിലവില്‍ കാസര്‍കോട് ജില്ലയില്‍നിന്ന് ദക്ഷിണ കന്നഡയിലേക്ക് പ്രവേശനം. തിങ്കളാഴ്ച ഈറോഡുകളില്‍ ചെക്പോസ്റ്റ് സ്ഥാപിച്ച് പരിശോധന ആരംഭിക്കുകയും മറ്റുറോഡുകള്‍ അടയ്ക്കുകയുംചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here