Home KERALA പ്രവാസികള്‍ക്കായി ചെയ്യാവുന്നതെല്ലാം ചെയ്യും; 22 രാജ്യങ്ങളിലെ പ്രവാസികളുമായി വീഡിയോ കോണ്‍ഫറന്‍സ്

പ്രവാസികള്‍ക്കായി ചെയ്യാവുന്നതെല്ലാം ചെയ്യും; 22 രാജ്യങ്ങളിലെ പ്രവാസികളുമായി വീഡിയോ കോണ്‍ഫറന്‍സ്

തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി സമൂഹത്തിന് വേണ്ടി ചെയ്യാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ കാര്യങ്ങള്‍ അറിയാനും പരിശോധിക്കാനും 22 രാജ്യങ്ങളിലെ പ്രധാനപ്പെട്ട പ്രവാസി മലയാളികളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയെന്നും മുപ്പതോളം പേര്‍ ഇതില്‍ പങ്കെടുത്ത് സംസാരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസലോകത്തെ കുറിച്ച് എല്ലാവരും ഉത്കണ്ഠയിലാണ്. ഈ പ്രതിസന്ധിഘട്ടത്തെ എങ്ങനെ തരണം ചെയ്യുന്നുവെന്ന് അറിയാനും അവരെ സഹായിക്കാനും നമുക്ക് ഉത്തരവാദിത്വമുണ്ട്. അതോടൊപ്പം പ്രവാസി സഹോദരങ്ങള്‍ക്ക് കേരളത്തില്‍ എന്താണ് നടക്കുന്നതെന്നതും അറിയേണ്ടതുണ്ട്. പ്രവാസി സമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. 22 രാജ്യങ്ങളില്‍നിന്നുള്ള മുപ്പത് പ്രവാസി മലയാളികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ലോക കേരള സഭാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ഓരോ മേഖലയിലും വ്യത്യസ്ത വിഷയങ്ങളാണ് അവര്‍ ഉന്നയിച്ചത്.

യാത്രാവിലക്ക് നിയന്ത്രണങ്ങള്‍ പ്രവാസജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്തു. കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതും എംബസികള്‍ മുഖേന ചെയ്യേണ്ടതുമായ കാര്യങ്ങള്‍ പ്രവാസികള്‍ ചൂണ്ടിക്കാട്ടി. എല്ലാ പ്രവാസി മലയാളികളുമായി നേരിട്ട് സംവദിക്കണമെന്ന താത്പര്യമാണുള്ളത്. പരമാവധി ആളുകളെ പങ്കെടുപ്പിച്ചാണ് ചര്‍ച്ച നടത്തിയത്. അതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. ചിലരെ ഉള്‍പ്പെടുത്താനും കഴിഞ്ഞില്ല. ഇനിയും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും.

പ്രവാസി സമൂഹത്തിനായി സംസ്ഥാന സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്യും. സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളിലെ ഫീസ് നല്‍കേണ്ടിവരുന്നത് ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തി. വിദ്യാഭ്യാസമേഖലയിലെ മലയാളി മാനേജ്ുമെന്റുകളുമായി സംസാരിക്കണമെന്നായിരുന്നു അവരുടെ അഭ്യര്‍ഥന. അതിന് ശ്രമിക്കാമെന്ന് ഉറപ്പുനല്‍കി. അതിനുമുമ്പ് ഈ വാര്‍ത്താസമ്മേളനത്തിലൂടെ അവരോട് പരസ്യ അഭ്യര്‍ഥന നടത്തുകയാണ്. എവിടെയായാലും ഇത് ഒരു ദുര്‍ഘടകാലമാണ്. നേരത്തെ പ്രവാസികള്‍ സാമ്പത്തികമായി ശേഷിയുള്ളവരായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാവരും പ്രയാസമനുഭവിക്കുന്നു. എല്ലായിടത്തും ഇത്തരം ഫീസുകള്‍ മാറ്റിവെച്ചിരിക്കുന്നു. അതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ മാനജേമ്ന്റുകള്‍ ഫീസ് അടക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധിക്കരുതെന്നും അത് നീട്ടിവെയ്ക്കണമെന്നും അഭ്യര്‍ഥിക്കുകയാണ്.

പ്രവാസികളുടെ ക്വാറന്റൈയ്ന്‍ സംവിധാനം ഉറപ്പാക്കല്‍ പ്രധാന ആവശ്യമാണ്. ഇത്തരമൊരു ഘട്ടത്തില്‍ ഓരോ രാജ്യത്തും അവിടെയുള്ള സംഘടനകള്‍ ചേര്‍ന്ന് ക്വാറന്റയ്ന്‍ സംവിധാനത്തിനായി പ്രത്യേക കെട്ടിടങ്ങള്‍ ഏര്‍പ്പാട് ചെയ്യണം. അത് പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കി. കോവിഡ് സംശയിക്കപ്പെടുന്ന നിരീക്ഷണത്തില്‍ കഴിയേണ്ടിവരുന്ന സ്ത്രീകള്‍ക്കും സുരക്ഷ അടക്കം മുന്‍നിര്‍ത്തിയുള്ള ക്വാറന്റയ്ന്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്. പ്രവാസി മലയാളി സംഘടനകളുമായി ബന്ധപ്പെട്ട സന്നദ്ധപ്രവര്‍ത്തകര്‍ അതും പരിഗണിക്കാമെന്ന് ഉറപ്പുനല്‍കി. രാജ്യത്തിന്റെ ഇടപെടലിനായി വിദേശകാര്യ മന്ത്രി ജയശങ്കറിനെ കത്ത് മുഖേന ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവിധ വിഷയങ്ങള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here