Home Top News സ്വപ്നയുടെ മൊഴി: ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്ക്, മൂന്ന് മന്ത്രിമാര്‍ക്കും നിയമവിരുദ്ധ ഇടപാട്;...

സ്വപ്നയുടെ മൊഴി: ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്ക്, മൂന്ന് മന്ത്രിമാര്‍ക്കും നിയമവിരുദ്ധ ഇടപാട്; കസ്റ്റംസ്. ഹൈക്കോടതിയില്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്നു പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്തു കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ്. ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി കസ്റ്റംസ് തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആധാരമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലം. 164 പ്രകാരം മജിസ്ട്രേറ്റിനു മുന്‍പില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍. സ്വപ്ന നല്‍കിയ ഹര്‍ജിയില്‍ മറുപടിയായാണ് കസ്റ്റംസി?ന്റെ സത്യവാങ്മൂലം.

മുഖ്യമന്ത്രിക്ക് ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ട്. മുഖ്യമന്ത്രിക്ക് കോണ്‍സുല്‍ ജനറലുമായി നേരിട്ട് ബന്ധമുണ്ട. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിര്‍ദേശപ്രകാരമാണ് ഡോളര്‍ കടത്തിയത്. മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും കോണ്‍സുല്‍ ജനറലുമായി അനധികൃതവും നിയമവിരുദ്ധവുമായ ഇടപാടുകളുണ്ട്. പല ഉന്നതര്‍ക്കൂം കമ്മീഷന്‍ ലഭിച്ചു. എല്ലാ ഇടപാടുകളെ കുറിച്ചും തനിക്ക് വ്യക്തമായി അറിയാമെന്നും സ്വപ്ന സുരേഷിന്റെ മൊഴിയില്‍ പറയുന്നു.

ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കു പങ്കുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന മൊഴി നിര്‍ണായകമാണ്. കസ്റ്റംസ് നിയമം 108 സ്റ്റേറ്റ്‌മെന്റ് പ്രകാരം നല്‍കുന്ന മൊഴിയില്‍ തന്നെ കേസെടുക്കാം എന്നിരിക്കെ മജിസ്‌ട്രേറ്റിനു മുമ്പാകെ നേരിട്ട് ഹാജരായി നല്‍കിയ സെക്ഷന്‍ 164 പ്രകാരമുള്ള മൊഴിയിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയുള്ള വിവരങ്ങള്‍. യുഎഇ കോണ്‍സല്‍ ജനറലിന്റെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് നടന്നത് എന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘങ്ങള്‍ എത്തി നില്‍ക്കെ അദ്ദേഹത്തിന്റെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുമായുള്ള ബന്ധം പുറത്തു വരുന്നതും ഗൗരവമുള്ളതാണ്.

ഡോളര്‍ കടത്തു കേസില്‍ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യ മൊഴി രേഖപ്പെടുത്തിയശേഷം കസ്റ്റംസ് അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യമുണ്ടായിരുന്നു. കേസില്‍ ഉള്‍പ്പെട്ട ഉന്നതരെ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര തലത്തില്‍ അറിയിച്ചശേഷം തുടര്‍ നടപടിക്കു വേണ്ടി വൈകുകയായിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സ്വപ്നയും സരിത്തും കോണ്‍സുലേറ്റിലെ ഫിനാന്‍സ് മേധാവിയായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദും ചേര്‍ന്ന് 1,90,000 ഡോളര്‍ വിദേശത്തേക്കു കടത്തിയെന്നാണ് കേസ്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ പ്രധാന കണ്ണിയാണ്. കോണ്‍സുല്‍ ജനറലിനേയും സര്‍ക്കാരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ വന്‍തോതില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. നേതാക്കളുടെ പങ്ക് പറയാതിരിക്കാന്‍ തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്ന് സ്വപ്ന പറയുന്നു. നേരിട്ടും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് സ്വപ്ന മൊഴിയില്‍ പറയുന്നുവെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here