തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോടതി വിധി വിശദമായി പരിശോധിച്ചതിന് ശേഷം തുടര്‍നടപടി സ്വീകരിക്കും. അപ്പീല്‍ പോകുന്ന കാര്യം വിധി പരിശോധിച്ചതിനുശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ നിയമപരമായ പരിശോധിക്കാനുള്ള വേദിയാണല്ലോ കോടതി. അത് പ്രകാരം ഇപ്പോള്‍ കോടതിയുടെ ഒരു തീരുമാനം വന്നിട്ടുണ്ട്. വിധി പരിശോധന നടത്തിയതിനുശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂ.
സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ സൈബര്‍ ആക്രമണത്തിന് വിധേയരാവുന്നു എന്ന വിഷയത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. അധ്യാപകരെ മൊത്തമായി ആരും ആക്ഷേപിക്കില്ല. അധ്യാപകര്‍ നമ്മുടെ ഗുരുനാഥന്മാരാണ്. അവരെ ബഹുമാനിക്കുന്ന രീതിയാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാല്‍ ചിലര്‍ അധ്യാപകരുടെ സ്ഥാനത്തിന് യോജിക്കാത്ത കാര്യങ്ങള്‍ ചിലര്‍ ചെയ്യുമ്പോള്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും അതിനെപ്പറ്റി വിമര്‍ശനമുയരും. അത് സ്വാഭാവികമാണ്. അതല്ലാതെ കത്തിക്കുന്നത് മാതൃകപരമായ നടപടിയാണ്, അധ്യാപകര്‍ക്ക് യോജിച്ച പ്രവൃത്തിയാണ് എന്നാണോ പൊതുസമൂഹം കരുതേണ്ടത്? വിമര്‍ശനം വന്നില്ലെങ്കിലല്ലേ സമൂഹം മോശമാണെന്ന നിലയിലേക്ക് എത്തുക എന്നും മുഖ്യമന്ത്രി പറഞ്ഞു.