കണ്ണൂർ: പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും പ്രായ പരിധി 75 കർശനമാക്കിയതിലൂടെ കുറെക്കൂടി ചെറുപ്പമാക്കാനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങൾ ഫലം കണ്ടു. കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ നടത്തിയ പരീക്ഷണം കേന്ദ്ര നേതൃത്വത്തിലും തുടരുകയായിരുന്നു.
85 അംഗ കേന്ദ്ര കമ്മിറ്റിയിൽ മുപ്പത് ശതമാനം പേർ അറുപത് വയസ്സിൽ താഴെയുള്ളവരാണ്.ഇതിലൂടെ, കുറെക്കൂടി ചെറുപ്പം വരുത്താനും വനിതാ പ്രാതിനിദ്ധ്യം വർദ്ധിപ്പിക്കാനും കഴിഞ്ഞു. പാർട്ടിയിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കാൻ കേന്ദ്ര നേതൃത്വം നിരവധി പദ്ധതികൾ അസൂത്രണം ചെയ്തിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകളിൽ നിന്നും മറ്റും യുവാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
വിവിധ ഹൈടെക് സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തിയാകും യുവാക്കളെ അടക്കം പാർട്ടിയിലേക്ക് കൂടുതൽ ആകർഷിക്കുക. 25 ശതമാനം യുവാക്കളെപ്പോലും പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്. പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന സമയത്ത് എസ്.എഫ്.ഐയിൽ സജീവമാണെങ്കിലും പിന്നീട് അവരിൽ പലരും പാർട്ടിയിലേക്ക് എത്തുന്നില്ലെന്നും സംഘടനാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.