Home KERALA ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്‍തൂക്കം പ്രവചിച്ച് അഭിപ്രായ സര്‍വേ ; എറണാകുളം, വട്ടിയൂര്‍കാവ്, മഞ്ചേശ്വരം ഉറപ്പ്, അരൂരില്‍...

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്‍തൂക്കം പ്രവചിച്ച് അഭിപ്രായ സര്‍വേ ; എറണാകുളം, വട്ടിയൂര്‍കാവ്, മഞ്ചേശ്വരം ഉറപ്പ്, അരൂരില്‍ എല്‍ഡിഎഫ്, കോന്നിയിലും മുന്‍തൂക്കം;കോന്നിയില്‍ നിര്‍ണ്ണായകമാകുന്നത് നിഷ്പക്ഷ വോട്ടുകള്‍

തിരുവനന്തപുരം: അഞ്ചിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ വോട്ടെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന് അഭിപ്രായ സര്‍വേ. അഞ്ചിടങ്ങളില്‍ മൂന്ന് സീറ്റുകള്‍ യുഡിഎഫ് നേടുമെന്നും ഒരിടത്ത് എല്‍ഡിഎഫും ഒരിടത്തെ കാര്യം അനിശ്ചിതമെന്നുമാണ് ന്യൂ ഏജ് – ഐക്കണ്‍ ഇന്ത്യ പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ പറയുന്നത്. എറണാകുളം, വട്ടിയൂര്‍കാവ്, മഞ്ചേശ്വരം എന്നിവിടങ്ങള്‍ യുഡിഎഫിന് സുരക്ഷിതമായിരിക്കുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

അരൂര്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമ്പോള്‍ കോന്നിയില്‍ മൂന്ന് പാര്‍ട്ടികള്‍ക്കും സര്‍വേ സാധ്യത കല്‍പ്പിക്കുന്നുണ്ട്. ഒക്‌ടോബര്‍ 2 മുതല്‍ 10 വരെ ‘മൂഡ് ഓഫ് ദി സ്‌റ്റേറ്റ് – ഫസ്റ്റ് ഫീല്‍ ഓഫ് ദി ഫൈവ്’ എന്ന ടൈറ്റിലില്‍ നടത്തിയ സര്‍വേയില്‍ ഒരു മണ്ഡലത്തില്‍ 600 സാമ്പിളുകളാണ് എടുത്തത്. അഞ്ചു മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് പ്രവചിക്കുന്നത്. എറണാകുളത്തും വട്ടിയൂര്‍ കാവിലും യുഡിഎഫിന് കനത്ത മത്സരം നേരിടേണ്ടി വരും. രണ്ടിടത്തും ജയിക്കാനായാലും ഭൂരിപക്ഷം കുറയുമെന്നാണ് വിലയിരുത്തല്‍. അരൂരില്‍ എല്‍ഡിഎഫ് ജയിക്കുമെങ്കിലൂം എ എം ആരിഫ് നേടിയ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞേക്കില്ല. 4000 ല്‍ താഴെയാകും ഭൂരിപക്ഷം.

കോന്നിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരു പോലെ സാധ്യതകള്‍ പറയുന്നു. എല്‍ഡിഎഫിന് നേരിയ മേല്‍ക്കൈ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാദമാണ് യുഡിഎഫിന് തിരിച്ചടിയാകുന്നത്. ഗ്രൂപ്പ് തര്‍ക്കവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ തര്‍ക്കങ്ങളും യുഡിഎഫിന് തിരിച്ചടിയായേക്കുമെന്നാണ് സൂചനകള്‍. യുവസ്ഥാനാര്‍ത്ഥിയായ ജനീഷ് കുമാറിന് മറ്റു രണ്ടു സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് മുന്‍തൂക്കം സര്‍വേ പറയുന്നുണ്ട്. ശബരിമല ഇത്തവണയും പ്രചരണ വിഷയമാകും. നിഷ്പക്ഷ വോട്ടര്‍മാരുടെ നിലപാടുകളാകും ഇവിടെ നിര്‍ണ്ണായകമാകുക.

എറണാകുളത്ത് പാലാരിവട്ടം പാലവും കോര്‍പ്പറേഷന്‍ ഭരണവുമെല്ലാം ഇടതുപക്ഷത്തിന് പ്രചരണ വിഷയമാണെങ്കിലും യുഡിഎഫിന്റെ വോട്ടു കോട്ടയില്‍ വിള്ളല്‍ വീഴ്ത്താനാകില്ല. യുഡിഎഫിന്റെ ഭൂരിപക്ഷം 10000 ല്‍ താഴെ വന്നേക്കുമെന്നും ബിജെപിയുടെ വോട്ടുഷെയര്‍ കൂടുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ലത്തീന്‍ സമുദായത്തിന്റെ വോട്ടുകള്‍ ഇത്തവണയും തുണയാകും. മനു റോയ് ദുര്‍ബ്ബലനായ സ്ഥാനാര്‍ത്ഥിയാണെന്നും ബിജെപിയുടെ രാജഗോപാലിന് വ്യക്തി ബന്ധങ്ങള്‍ വോട്ടുഷെയര്‍ കൂടാന്‍ കാരണമാകുമെന്നും പറയുന്നു.

വട്ടിയൂര്‍കാവില്‍ പ്രശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വവും എല്‍ഡിഎഫിന് ഗുണം ചെയ്യില്ല. മോഹന്‍കുമാര്‍ ജയിച്ചേക്കുമെങ്കിലും ഭൂരിപക്ഷം 5000 ല്‍ താഴെയായിരിക്കും. മഞ്ചേശ്വരത്ത് മുസ്‌ളീംലീഗ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമ്പോള്‍ ബിജെപിയും എല്‍ഡിഎഫിനും രണ്ടാം സ്ഥാനത്തിനായി മത്സരിക്കും. ബിജെപിയുടെ വോട്ടു ഷെയറില്‍ വന്‍ ഇടിവ് വന്നേക്കാമെന്നും സര്‍വേ പറയുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here