Home KERALA ബിജെപിക്കിനി സംസ്ഥാനത്ത് എന്ത്! 318 ബുത്തുകളില്‍ 0 വോട്ട്

ബിജെപിക്കിനി സംസ്ഥാനത്ത് എന്ത്! 318 ബുത്തുകളില്‍ 0 വോട്ട്

2016ലെ അക്കൗണ്ട് പൂട്ടി എന്നത് മാത്രമല്ല വോട്ടര്‍മാര്‍ ബിജെപിയോട് ചെയ്തത്. സംസ്ഥാനത്തെ 318 ബൂത്തുകളിലെ കണക്കെടുത്താല്‍ ഇവിടങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല. കോന്നിയിലും മഞ്ചേശ്വരത്തുമായി നടന്ന ഹെലികോപ്ടര്‍ പ്രചരണരാഷ്്ട്രീയത്തിലും ഈ നാണക്കേട് ബാധിച്ചു. സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് മത്സരിച്ച് മഞ്ചേശ്വരത്തെയും കോന്നിയിലെയും രണ്ട് ബൂത്തുകളില്‍ വീതം ഒറ്റ വോട്ട് പോലും ബിജെപിക്ക് പിടിക്കാനായില്ല. കോന്നി മണ്ഡലത്തിലെ 54, 212 നമ്പര്‍ ബൂത്തുകളിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പൂജ്യം നേട്ടം. ഇത്തവണ കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കാന്‍ ഇരുന്നവര്‍ക്കാണ് ഈ ദുര്‍ഗതി. 70 മണ്ഡലങ്ങളിലെ 493 ബൂത്തുകളില്‍ എന്‍ഡിഎയ്ക്ക് ലഭിച്ചത് ഒരു വോട്ട് വീതം. കഴിഞ്ഞില്ല, ആയിരത്തില്‍ അധികം ബൂത്തുകളില്‍ പരമാവധി അഞ്ച് വോട്ട് വരെ നേടാന്‍ അവര്‍ക്കായി. സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ദേശീയ നേതാക്കളുടെ സ്റ്റാര്‍ പ്രചാരണ പരിപാടികള്‍, വിജയയാത്ര എന്നിങ്ങനെ മുന്‍പെങ്ങും ഇല്ലാത്ത വിധമായിരുന്നു ബിജെപി സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്തിയത്. ബിജെപിയുടെ മറ്റൊരു പ്രമുഖ നേതാവായ എം.ടി.രമേശിന് കോഴിക്കോട് നോര്‍ത്തിലെ ഒരു ബൂത്തില്‍ പൂജ്യമാണ് വോട്ട്. തലസ്ഥാനത്തെ പ്രധാന മണ്ഡലമായ തിരുവനന്തപുരത്ത് കഴിഞ്ഞ തവണ ശ്രീശാന്തിന് ലഭിച്ച വോട്ടുകളില്‍ കൂടുതല്‍ നടന്‍ കൃഷ്ണകുമാറിന് ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഇവിടത്തെ എട്ട് ബൂത്തുകളില്‍ പൂജ്യം എന്ന സംഖ്യ അദ്ദേഹത്തെയും വേട്ടയാടാന്‍ തുടങ്ങി. ഏറ്റവും കുറച്ച് വോട്ട് നേടിയത് കോട്ടയം ജില്ലയിലെ പൂഞ്ഞാറിലാണ്. ഇവിടെ പതിനേഴ് ബൂത്തില്‍ എന്‍ഡിഎയ്ക്ക് ഒരു വോട്ടു പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. പതിനൊന്ന് ബൂത്തുകളില്‍ ഓരോ വോട്ട് വീതമാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്തും കോവളത്തും മൂന്ന് വീതം ബൂത്തില്‍ ഒരു വോട്ട് പോലും ലഭിച്ചില്ല. തൃശ്ശൂര്‍ ജില്ലയില്‍ കയ്പമംഗലത്തെ രണ്ട് ബൂത്തുകളില്‍ വോട്ട് ലഭിച്ചില്ല. കുന്നത്തുനാട്ടില്‍ ഒമ്പത് ബൂത്തില്‍ വോട്ട് ലഭിച്ചില്ല. ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് മത്സരിച്ച ഇവിടെ നാലാം സ്ഥാനത്തായിരുന്നു പാര്‍ട്ടി. കൊല്ലം കുണ്ടറയില്‍ എട്ട് ബൂത്തുകളില്‍ പൂജ്യം വോട്ടുകളാണ് ലഭിച്ചത്. കൊണ്ടോട്ടിയില്‍ ഏഴ് ബൂത്തില്‍, വണ്ടൂരില്‍ 15 ഇടത്ത്, മഞ്ചേരിയില്‍ 4 ഇടത്ത്, മലപ്പുറം 12 ബൂത്തില്‍, തിരൂരില്‍ 19 ബൂത്തുകളില്‍ കോട്ടയ്ക്കല്‍ 4 ബൂത്തുകളില്‍ മങ്കടയില്‍ 9 ബൂത്തുകളില്‍ ആണ് വോട്ട് ഒന്ന് പോലും നേടാന്‍ എന്‍ഡിഎയ്ക്ക് സാധിക്കാത്തത്. തുടക്കത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുന്നിട്ട് നിന്ന് കോഴിക്കോട് സൗത്തില്‍ അഞ്ച് ബൂത്തില്‍ ആരും ബിജെപിക്ക് വേണ്ടി വോട്ട് ചെയ്തില്ല. വര്‍ക്കല, അമ്പലപ്പുഴ, നെന്‍മാറ, നാദാപുരം, മട്ടന്നൂര്‍, കൂത്തുപറമ്പ്, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ ഓരോ ബൂത്തിലും പൂജ്യം വോട്ടാണ് ലഭിച്ചത്. ഉദുമ, മാനന്തവാടി, തിരുവമ്പാടി, വള്ളിക്കുന്ന് തുടങ്ങിയ മണ്ഡലങ്ങളില്‍ മൂന്ന് ബൂത്തുകള്‍ വീതം വോട്ട് ലഭിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here