Home NATIONAL അയോദ്ധ്യയില്‍ ഇന്ന് ആദ്യ കാര്‍ത്തിക പൂര്‍ണ്ണിമ ; കനത്ത സുരക്ഷ, 2000 സുരക്ഷാ ജീവനക്കാര്‍ ;...

അയോദ്ധ്യയില്‍ ഇന്ന് ആദ്യ കാര്‍ത്തിക പൂര്‍ണ്ണിമ ; കനത്ത സുരക്ഷ, 2000 സുരക്ഷാ ജീവനക്കാര്‍ ; സുന്നി വഖഫ് ബോര്‍ഡ് യോഗം ഞായറാഴ്ച

അയോദ്ധ്യ: സുപ്രീംകോടതിയില്‍ നിന്നും ചരിത്രപ്രസിദ്ധമായ വിധി വന്നതിന് തൊട്ടു പിന്നാലെ കനത്ത സുരക്ഷയില്‍ ഇന്ന് അയോദ്ധ്യയില്‍ കാര്‍ത്തിക പൂര്‍ണ്ണിമാ ഉത്സവം. സരയൂ നദിയിലെ സ്‌നാനത്തിന് ശേഷം ക്ഷേത്ര ദര്‍ശനം നടത്താന്‍ അനേകരാണ് അയോദ്ധ്യയില്‍ എത്തിയിരിക്കുന്നത്. ആകാശ നിരീക്ഷണവും 2000 സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെ കനത്ത സുരക്ഷയില്‍ തന്നെയാണ് അയോദ്ധ്യ തുടരുന്നത്.

അടുത്ത 15 വരെയാണ് അയോദ്ധ്യയില്‍ നിരോധനാജ്ഞ നില നില്‍ക്കുന്നത്. ഇന്നത്തെ കാര്‍ത്തിക പൂര്‍ണ്ണിമാ ആഘോഷത്തിനായി ഇന്നലെ മുതല്‍ ആള്‍ക്കാര്‍ ക്ഷേത്ര നഗരിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ കേന്ദ്രസേനയെ ഇന്ന് വിന്യസിപ്പിക്കും. രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയാമെന്ന വിധിക്ക് ശേഷം വരുന്ന ആദ്യ കാര്‍ത്തിക പൂര്‍ണ്ണിമാ ഉത്സവമാണ് ഇത്. കഴിഞ്ഞ വര്‍ഷം എട്ടു ലക്ഷം പേര്‍ പങ്കെടുത്തതായിട്ടാണ് വിവരം. ഇത്തവണ അതിലും കൂടുമെന്നാണ് ജില്ലാ ഭരണകൂടം കണക്കാക്കുന്നത്. നേരത്തേ വിധിക്ക് മുമ്പ് നടന്ന പഞ്ചകോശി പരിക്രമ ആഘോഷത്തിലും അനേകരാണ് പങ്കെടുത്തത്.

അതേസമയം സുപ്രീംകോടതി വിധിയ്‌ക്കെതിരേ പുന പരിശോധനാ ഹര്‍ജി നല്‍കണോ എന്ന ആലോചനയിലാണ് കേസിലെ കക്ഷികളായ സുന്നി വഖഫ് ബോര്‍ഡ്. ഇക്കാര്യത്തില്‍ ഞായറാഴ്ച ചേരുന്ന യോഗത്തില്‍ അവര്‍ തീരുമാനം എടുക്കും.

അതിനിടയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് വിഎച്ച്പി തയ്യാറെടുപ്പ് തുടങ്ങി. ഇതിനായി വ്യാപകമായി സംഭാവനകള്‍ സ്വീകരിക്കാനാണ് ഉദ്ദേശം. രാജ്യത്ത് ഉടനീളമുള്ള രാമഭക്തന്മാര്‍ സംഭാവനകള്‍ക്കായി ജനങ്ങളെ സമീപിക്കുമെന്ന് വിച്ച്പിയുടെ ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ പറയുന്നു. അയോദ്ധ്യ ഹിന്ദുക്കളുടെ വിശ്വാസവും വൈകാരികതയുമായി ബന്ധപ്പെട്ടതാണെന്നും പദ്ധതി തുടങ്ങുമ്പോള്‍ കര്‍സേവ ഉള്‍പ്പെടെയുള്ള ഉണ്ടാകുമെന്നും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here