Home POLITICS അയോധ്യയിൽ പള്ളിയുണ്ടായിരുന്നത്‌ നിഷേധിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി

അയോധ്യയിൽ പള്ളിയുണ്ടായിരുന്നത്‌ നിഷേധിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി

അയോധ്യയിലെ തർക്കപ്രദേശത്ത്‌ പള്ളിയുണ്ടായിരുന്നെന്ന വസ്‌തുത പൂർണമായും നിഷേധിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി. അയോധ്യാഭൂമി തർക്കകേസിൽ വാദംകേൾക്കവെയാണ്‌ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. ‘ഒരു പള്ളി അവിടെ ഉണ്ടായിരുന്നുവെന്നോ ഉണ്ടെന്നോ ഉള്ള വസ്‌തുത പൂർണമായും നിഷേധിക്കാൻ സാധിക്കില്ല. പള്ളിയോ പള്ളിയുടെ രൂപത്തിലുള്ള കെട്ടിടമോ അവിടെ ഉണ്ടായിരുന്നെന്ന കാര്യത്തിൽ സംശയമില്ല. ആ പള്ളിയിൽ പ്രാർഥന നടന്നിരുന്നോ ഇല്ലയോ എന്നൊക്കെ വാദിക്കാം. എന്നാൽ, പള്ളിതന്നെ അവിടെ ഇല്ലായിരുന്നുവെന്ന്‌ പറയുന്നതിൽ അർഥമില്ല’–- അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ അംഗമായ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ നിരീക്ഷിച്ചു. അയോധ്യയിലെ കെട്ടിടം ഇസ്ലാമിക പ്രമാണങ്ങൾ അനുസരിച്ച്‌ പള്ളി അല്ലെന്ന്‌ രാമജന്മഭൂമി പുനരുദ്ധാരണസമിതിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി എൻ മിശ്ര വാദിച്ചു. മുസ്ലിംപള്ളിപോലെയുള്ള കെട്ടിടമാണെങ്കിലും അത്‌ പള്ളി അല്ലെന്നും മിശ്ര അവകാശപ്പെട്ടു. അപ്പോഴായിരുന്നു ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെയുടെ നിരീക്ഷണം. ഹിന്ദുവിശ്വാസപ്രകാരം ഒരിക്കൽ ക്ഷേത്രമായിരുന്ന കെട്ടിടം എന്നും ക്ഷേത്രമാണെന്നും ഇസ്ലാംവിശ്വാസപ്രകാരം പള്ളി  അങ്ങനെ അല്ലെന്നുമുള്ള  മിശ്രയുടെ വാദവും കോടതി എതിർത്തു. ഒരിക്കൽ പള്ളിയായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അതങ്ങനെതന്നെയായിരിക്കുമെന്ന്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അഭിപ്രായപ്പെട്ടു.

മുഗൾചക്രവർത്തി ബാബർ അതിക്രമിച്ചുകയറിയ കടന്നുകയറ്റക്കാരനാണ്‌. അത്തരക്കാരുടെ അവകാശങ്ങൾക്ക്‌ നിയമപരമായ അംഗീകാരം നൽകാനാകില്ല. അടിമത്തത്തിന്റെ കറുത്തദിനങ്ങളിൽനിന്ന്‌ രാജ്യം ഏറെ മുന്നോട്ടുപോയെന്നും ഹിന്ദുമഹാസഭയ്‌ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഹരിശങ്കർ ജെയിൻ വാദിച്ചു. തർക്കത്തിലുള്ള കെട്ടിടം 1855ൽ പള്ളിയായിരുന്നുവെന്നതിന്‌ തെളിവില്ല. ബ്രിട്ടീഷുകാരുടെ നിർദേശപ്രകാരമാണ്‌ മുസ്ലിംവിശ്വാസികൾ അവകാശവാദം ഉന്നയിച്ചത്‌. ആ കാലത്ത്‌ ഹിന്ദുക്കളുടെ ആരാധനാവകാശങ്ങൾക്ക്‌ കർശന നിയന്ത്രണം ഉണ്ടായിരുന്നതായും ഹിന്ദുമഹാസഭ പറഞ്ഞു. കേസിൽ തിങ്കളാഴ്‌ചയും ഭരണഘടനാബെഞ്ച്‌ വാദംകേൾക്കൽ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here