പത്തനംതിട്ട: തണ്ണിത്തോട്ടിലെ പെണ്‍കുട്ടിയുടെ വീടിനുനേരെയുളള ആക്രമണം പ്രതികളെ പിടികൂടി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ ജില്ലാ പോലീസ് മേധാവിയടക്കമുളള ഉന്നത ഉദ്യോഗസ്ഥര്‍ തണ്ണിത്തോട്ടില്‍ എത്തിപ്രതികള്ക്കായി തിരച്ചില്‍ ആരംഭിച്ചു.
കോവവിഡ് 19 നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥിനിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെയാണ് ഉന്നത ഇടപെടീലിനെ തുടര്‍ന്ന് തണ്ണിത്തോട് പോലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത്..തണ്ണിത്തോട് സ്വദേശികളായ മോഹനവിലാസത്തില്‍ രാജേഷ് (46), പുത്തന്‍പുരയ്ക്കല്‍ അശോകന് (43), അശോക് ഭവനത്തില്‍ അജേഷ് (46) എന്നിവരെയാണ് തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇന്നു വൈകിട്ട് നടന്ന പത്ര സമ്മേളനത്തില്‍ ഈ വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ പോലീസ് വെട്ടിലായിരിക്കുക.യാണ്. ജില്ലാ പോലീസ് മേധാവിയടക്കമുളള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ രാത്രിയോടെ തണ്ണിത്തോട്ടില്‍ എത്തി. പ്രതികളെ അറസ്റ്റ് ചെയ്യാനുളള നീക്കം ആരംഭിച്ചു. സിപിഎം പ്രവര്‍ത്തകരായ പ്രതികളെ സംരക്ഷിക്കാന്‍ പോലീസിനെ സ്വാധീനിക്കാന്‍ ശേഷിയുളള ഒരു നേതാവിന്റെ ഇടപെടീലാണ് പോലീസിനെ വെട്ടിലാക്കിയത്. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീ്സ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തി കേസെടുത്തത്.
കോയമ്പത്തൂരിലെ കോളേജില്‍ നിന്നും തണ്ണിത്തോട്ടിലെ വീട്ടില്കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിനിയുടെ പിതാവ് ചുറ്റി തിരിഞ്ഞ് നടക്കുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം.പിതാവിനെ ആക്രമിക്കുമെന്ന് നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുണ്ടായ ഭീഷിണിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി 8 ഓടെ ബൈക്കുകളിലെത്തിയ 6 അംഗ സംഘം തണ്ണിത്തോട് മേക്കണ്ണത്തുള്ള വീടിനു നേരെ ആക്രമണം നടത്തിയത്. സംഭത്തില്‍ 6 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
വിദ്യാര്‍ത്ഥിനിയുടെ വീടിനു നേരെ ഉണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന് അപലപിച്ചിരുന്നു. തണ്ണിത്തോടുള്ള വിദ്യാര്‍ത്ഥിനിയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇതിനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂരില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥിനി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റുകള്‍ പ്രചരിപ്പിച്ചു. കുട്ടിയുടെ അച്ഛന് നേരെ വധഭീഷണിയും ഉണ്ടായി. ജീവന് ഭീഷണിയുണ്ടെന്നും ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് പരാതി നല്‍കിയതിനു പിന്നാലെയാണ് ഇവരുടെ വീടിന് നേരെ ആക്രമണമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാവില്ലെന്നും പൊലീസിനൊപ്പം നാട്ടുകാരും ഇത്തരം കുത്സിത പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ജാഗ്രത ഇത്തരം കാര്യങ്ങള്‍ക്ക് നേരെയും ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ സിപിഎം പ്രാദേശിക പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതായി മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, ഏതു പാര്‍ട്ടിക്കാരായാലും അതനുവദിക്കില്ലെന്നും കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.. ഇതോടെയാണ് വിഷയത്തില്‍ പോലീസിലെ ഉന്നത ഇടപെടീല്‍ ഉണ്ടായത്.