തങ്ങളുടെ വിർച്വൽ രൂപത്തിലുള്ള അവതാറുകളായി പരസ്പരം ഇടപഴകുന്ന സൈബർ ലോകമാണ് മെറ്റാവേഴ്സ്. ഫേസ്ബുക്കിന്റെ മെറ്റാവേഴ്സ് എന്ന വിർച്ച്വൽ ലോകം തുറന്നുവയ്ക്കുന്നത് അനന്ത സാദ്ധ്യതകളാണ്.ഇപ്പോഴിതാ മെറ്റാവേഴ്സിൽ അവതാറുകൾക്കായി ഒരു സ്വതന്ത്ര സാങ്കല്പിക നഗരം ഒരുങ്ങുകയാണ്. ലണ്ടൻ ആസ്ഥാനമായ ലോകോത്തര ആർക്കിടെക്ചർ കമ്പനിയായ സാഹാ ഹദീദ് ആർക്കിടെക്റ്റ്സാണ് ലിബർലാൻഡ് എന്ന പേര് നൽകിയിരിക്കുന്ന സൈബർ നഗരം രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിന്റെ മാതൃകയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
ലണ്ടനിലെ എവ്ലിൻ ഗ്രേസ് അക്കാദമി മുതൽ അബുദാബിയിലെ ഷെയ്ഖ് സായിദ് പാലം വരെ വിശ്വോത്തര നിർമ്മിതികളാണ് സഹ ഹദീദിന്റെ പേരിൽ ഉള്ളത്. വളഞ്ഞ ആകൃതിയിലുള്ള ഫസാഡുകളാണ് യഥാർത്ഥ കത്ത് സാഹാ ഹദീദ് നിർമിച്ചിട്ടുള്ള കെട്ടിടങ്ങളുടെ മുഖമുദ്ര. മെറ്റാവേഴ്സിലും അക്കാര്യത്തിൽ മാറ്റമില്ല. വിർച്വൽ നഗരത്തിലെ കെട്ടിടങ്ങളും വളവുകളുള്ള ആകൃതികളിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.
പ്രിൻസിപ്പൽ ആർക്കിടെക്റ്റ് പാട്രിക് ഷൂമാക്കർ, മൈറ്റാവേഴ്സിന്റെ കെന്നത്ത് ലാൻഡൗ, ജെയിം ലോപ്പസ് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. സിറ്റി ഹാൾ, തൊഴിലിടങ്ങൾ, കടകൾ, ബിസിനസ് ഇൻകുബേറ്ററുകൾ, എൻ എഫ് ടി ഗാലറി എന്നിങ്ങനെ മെറ്റാവേഴ്സിലെത്തുന്ന അവതാറുകളെ കാത്ത് നിരവധി സൗകര്യങ്ങളാണ് ലിബർലാൻഡിൽ ഒരുങ്ങുന്നത്. നിയമങ്ങളും നിയന്ത്രണങ്ങളും പരമാവധി കുറച്ച് സ്വയം ഭരണത്തിൽ കേന്ദ്രീകൃതമായി ആയിരിക്കും നഗരത്തിന്റെ പ്രവർത്തനം.