തിരുവനന്തപുരം: അമ്പലമുക്കില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിന് എത്തിച്ച പ്രതിക്ക് നേരേ പ്രതിഷേധം. കൊലപാതകം നടന്ന കടയില്‍ പ്രതിയെ എത്തിച്ചപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിക്ക് നേരേ അസഭ്യവര്‍ഷവുമായി പാഞ്ഞടുത്ത നാട്ടുകാര്‍, പ്രതിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. കടയിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തിയ കേസിലാണ് തമിഴ്നാട് തോവാള സ്വദേശിയായ രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ന് ഉച്ചയോടെയാണ് അമ്പലമുക്കില്‍ തെളിവെടുപ്പിന് എത്തിച്ചത്.
പ്രതിയെ തെളിവെടുപ്പിന് എത്തിച്ചതറിഞ്ഞ് നിരവധിപേരാണ് അമ്പലമുക്കിലെ കടയ്ക്ക് മുന്നില്‍ തടിച്ചുകൂടിയത്. തുടര്‍ന്ന് ഇവര്‍ ബഹളംവെയ്ക്കുകയും രാജേന്ദ്രനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഏറെ പാടുപെട്ടാണ് പോലീസ് നാട്ടുകാരെ പിന്തിരിപ്പിച്ചത്. പ്രതിഷേധം തുടര്‍ന്നതോടെ പോലീസ് പ്രതിയുമായി വേഗത്തില്‍ മടങ്ങുകയും ചെയ്തു. പിന്നീട് മുട്ടടയിലെ കുളക്കരയിലായിരുന്നു തെളിവെടുപ്പ്. വിനീതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും സംഭവസമയം ധരിച്ചിരുന്ന വസ്ത്രവും മുട്ടടയിലെ കുളത്തില്‍ ഉപേക്ഷിച്ചെന്നാണ് രാജേന്ദ്രന്റെ മൊഴി.