Home Dont miss കവര്‍ ഓര്‍ഡര്‍ ചെയ്‌ത യുവാവിന്‌ പാസ്‌പോര്‍ട്ടും അയച്ചുനൽകി ആമസോണ്‍

കവര്‍ ഓര്‍ഡര്‍ ചെയ്‌ത യുവാവിന്‌ പാസ്‌പോര്‍ട്ടും അയച്ചുനൽകി ആമസോണ്‍

കല്‍പ്പറ്റ: പാസ്‌പോര്‍ട്ട്‌ സൂക്ഷിക്കാനുള്ള കവറിന്‌ ഓര്‍ഡര്‍ ചെയ്‌ത യുവാവിന്‌ കവറിനൊപ്പം മറ്റൊരു പാസ്‌പോര്‍ട്ടുകൂടി അയച്ചുകൊടുത്ത്‌ ആമസോണ്‍. ആമസോണിനു പറ്റിയ അബദ്ധം സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാകുകയാണ്. വയനാട്‌ കണിയാമ്പറ്റ ചീങ്ങാടി സ്വദേശിയും ബ്രഹ്‌മഗിരി സൊസൈറ്റിയിലെ പ്രോജക്‌ട്‌ കോഡിനേറ്ററുമായ മിഥുനാണ്‌ കവറിനൊപ്പം തൃശൂര്‍ കുന്നംകുളം സ്വദേശിയുടെ പാസ്‌പോര്‍ട്ട്‌ ലഭിച്ചത്‌.  കവറിനുള്ളില്‍ പാസ്‌പോര്‍ട്ട്‌ ഭദ്രമായി തിരുകിവെച്ച നിലയിലായിരുന്നു. വിവരം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കുന്നംകുളം സ്വദേശിയുടെ വീട്ടുകാര്‍ വിവരം അറിഞ്ഞ്‌ മിഥുനുമായി ബന്ധപ്പെട്ടു.
കുന്നംകുളം സ്വദേശിയും അടുത്തിടെ പാസ്‌പോര്‍ട്ടിന്റെ കവര്‍ ആമസോണിലൂടെ വാങ്ങിയിരുന്നു. പാഴ്‌സലായി വന്ന കവറില്‍ പാസ്‌പോര്‍ട്ട്‌ ഇട്ടുനോക്കിയപ്പോള്‍ വലുപ്പം കുറവാണെന്ന കാരണത്താല്‍ കവര്‍ പായ്‌ക്ക്‌ ചെയ്‌ത്‌ കൊറിയര്‍ ഏജന്റ്‌ മുഖേനെ തിരിച്ചയച്ചു. പക്ഷെ കവറില്‍നിന്നു പാസ്‌പോര്‍ട്ട്‌ എടുത്തുവെക്കാന്‍ മറന്നുപോയി എന്നാണ്‌ കുന്നംകുളം സ്വദേശിയുടെ വീട്ടുകാര്‍ മിഥുനെ അറിയിച്ചത്‌.
തൊട്ടുപിന്നാലെ കവര്‍ ഓര്‍ഡര്‍ ചെയ്‌ത തനിക്ക്‌ കുന്നംകുളം സ്വദേശി മടക്കിയയച്ച കവര്‍ പരിശോധിക്കാതെ അതേ പോലെ ആമസോണ്‍ അയച്ചു തന്നുവെന്നാണ്‌ മനസിലാകുന്നതെന്ന്‌ മിഥുന്‍ പറഞ്ഞു.
മറ്റൊരാളുടെ പാസ്‌പോര്‍ട്ട്‌ ലഭിച്ച വിവരം അറിയിച്ചപ്പോള്‍ സെല്ലര്‍ക്ക്‌ പറ്റിയ അബദ്ധമാണെന്നും അവര്‍ക്ക്‌ കൂടുതല്‍ പരിശീലനവും ബോധവത്‌ക്കരണവും നല്‍കാമെന്നുമാത്രമാണ്‌ ആമസോണ്‍ അറിയിച്ചതെന്ന്‌ മിഥുന്‍ പറഞ്ഞു. ഒരു മണിക്കൂറോളം സമയം കമ്പ്യൂട്ടറിനു മുന്നില്‍ കുത്തിയിരുന്ന്‌ ആശയവിനിമയം നടത്തിയിട്ടും പാസ്‌പോര്‍ട്ട്‌ എന്തുചെയ്ണമെന്ന കയാര്യത്തില്‍ ഒരു നിര്‍ദേശവും ആമസോണ്‍ നല്‍കിയില്ല. ഒടുവില്‍, ഭാവിയില്‍ പുലിവാലു പിടിക്കാതിരിക്കാന്‍ മിഥുന്‍ പാസ്‌പോര്‍ട്ട്‌ മീനങ്ങാടി പോലീസ്‌ സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. രേഖകളുമായി എത്തി പാസ്‌പോര്‍ട്ട്‌ കൈപ്പറ്റണമെന്ന്‌ പോലീസ്‌ കുന്നംകുളം സ്വദേശിയെ അറിയിച്ചിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here