ന്യൂഡല്‍ഹി: കൊവിഡ് 19 സമ്പദ് ഘടനയില്‍ ഏല്‍പ്പിച്ച ആഘാതം നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനം ധനമന്ത്രി നിര്‍മ്മലാ സീതാരാമന് നടത്തി. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്കുന്ന പദ്ധതികളാണ് മൂന്നാംഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 11 സുപ്രധാന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ഇന്ന് നടത്തിയത്. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരുലക്ഷം കോടി രൂപ അനുവദിച്ചു.
ഫിഷറീസ്, പാലുല്‍പ്പാദനം, ആനിമല്‍ ഹസ്ബന്‍ഡറി, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകള്‍ക്കും അനുബന്ധ മേഖലകള്‍ക്കും സഹായം ലഭിക്കും. 1955ലെ അവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി അറിയിച്ചു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതിന് നിയമപരമായ സംവിധാനം ഉണ്ടാക്കും. കൃഷി ഇറക്കുന്നതിന് മുമ്പ് തന്നെ ഉല്‍പ്പന്നങ്ങള്‍ക്ക് എന്ത് വില ലഭിക്കുമെന്ന വിവരം ലഭ്യമാക്കഒന്ന സംവിധാനമാണ് വരുന്നത്. ഇതിലൂടെ ഇടനിലക്കാരില്‍ നിന്ന് കര്‍ഷകര്‍ നേരിടുന്ന ചൂഷണം തടയാനാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഭക്ഷ്യോല്പ്പദനം വന്‍ തോതില്‍ നടക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് മതിയായ വില ലഭിക്കുന്നില്ല. ഇതിനായി കേന്ദ്ര നിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കൃഷിക്കാര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇഷ്ടമുള്ള സ്ഥലത്ത് വില്ക്കാന് ഇതിലൂടെ സാധിക്കും. പുതിയ നിയമം വഴി ഉല്‍പ്പന്നങ്ങള്‍ അന്തര്‍ സംസ്ഥാന വില്‍പ്പന നടത്താനും കര്‍ഷകര്‍ക്ക് കഴിയുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഔഷധ സസ്യ കൃഷിക്ക് 4000 കോടി രൂപ അനുവദിച്ചു. ഗംഗാ നദിയുടെ തീരങ്ങള്‍ വഴി ഔഷധ സസ്യ കൃഷി ചെയ്യാന്‍ 800 ഹെക്ടര്‍ ഔഷധ സസ്യ കൃഷിക്കായി ദേശീയ ഔഷധ സസ്യ ബോര്‍ഡ് കണ്ടെത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിലൂടെ ഔഷധ്യ സസ്യങ്ങളുടെ ഇടനാഴി സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ട് വര്‍ഷത്തിനകം പത്ത് ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ഔഷധ സസ്യ കൃഷി വ്യാപിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
തേനീച്ച വളര്‍ത്തലിന് 500 കോടി അനുവദിച്ചു. രണ്ട് ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മൃഗസംരക്ഷണത്തിന് 13343 കോടി രൂപ അനുവദിച്ചു. ക്ഷീരോല്‍പ്പാദന അടിസ്ഥാന സൗകര്യ വികസനത്തിന് 15000 കോടി രൂപ അനുവദിച്ചു. പ്രധാന്‍മന്ത്രി മത്സ്യബന്ധ യോജനയ്ക്ക് 20,000 കോടി രൂപ അനുവദിച്ചു. മത്സകൃഷിക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 20,000 കോടി രൂപയും അനുവദിച്ചു.