തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ വകുപ്പുകളിലും ആറു മാസത്തിനകവും സിവില്‍ സ്റ്റേഷനുകളില്‍ മൂന്ന് മാസത്തിനകവും ശമ്പള വിതരണസോഫ്റ്റ്വെയറുമായി ബന്ധപ്പെടുത്തിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കണമെന്ന് പൊതുഭരണ വകുപ്പ് പ്രന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവില്‍ പറയുന്നു. ഇതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിഞ്ഞ കസേരയെന്ന പാരമ്പര്യത്തിന് വിരാമമാകുമെന്നാണ് കരുതുന്നത്.
അഞ്ചരലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പഞ്ചിങ് സംവിധാനത്തിന് കീഴില്‍ വരുമെന്നാണ് കരുതുന്നത്. നിലവില്‍ സെക്രട്ടറിയേറ്റ് അടക്കമുള്ള പ്രധാന ഓഫീസുകളില്‍ മാത്രമാണ് പഞ്ചിങ് സംവിധാനം അവലംബിച്ചിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ടെക്ക്നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശയിലാണ് പുതിയ ഉത്തരവ്.
ഓരോ വകുപ്പിലും പഞ്ചിങ് സംവിധാനം നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം വകുപ്പ് സെക്ട്രട്ടറിമാര്ക്കും മേധാവികള്‍ക്കുമാണെന്നും ഉത്തരവില്‍ പറയുന്നു.